ലോക്സഭ തെരഞ്ഞെടുപ്പ്; ഗുരുവായൂരിൽ മുന്നിലെത്തുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും
text_fieldsചാവക്കാട്: തൃശൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയമസഭ മണ്ഡത്തിൽ തങ്ങൾ മുന്നിലെത്തുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും. കഴിഞ്ഞതവണ ടി.എൻ. പ്രതാപന് എറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഗുരുവായൂരിൽ നിന്നായിരുന്നു.
ടി.എൻ. പ്രതാപന്റെ ഭൂരിപക്ഷം നിലനിർത്താനാവിവില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന് 15,000 വോട്ട് ലീഡ് നേടാനാകുമെന്ന് നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.വി. ഷാനവാസ് പറഞ്ഞു. വോട്ടിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെയും ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം മണ്ഡലത്തിലെ നഗരസഭകളിലേയും പഞ്ചായത്തുകളിലെയും കണക്കുകൾ നിരത്തി എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ 10,000 വോട്ടുകൾക്ക് ലീഡ് നേടുമെന്ന് നിയോജക മണ്ഡലം കൺവീനർ അഡ്വ. പി. മുഹമ്മദ് ബഷീറും പറഞ്ഞു.
മണ്ഡലത്തിലെ കടപ്പുറം, പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിൽ കെ. മുരളീധരനാണ് ആധിപത്യമെന്ന് ഷാനവാസിന്റെ വാദത്തെ ബഷീറും അംഗീകരിക്കുന്നുവെങ്കിലും ഇവിടെ ഭൂരിപക്ഷം കുറയുമെന്നും ബഷീർ പറയുന്നു.
എൽ.ഡി.എഫിനു ഭൂരിപക്ഷമുള്ള ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ കഴിഞ്ഞ തവണയിൽനിന്ന് വ്യത്യസ്ഥമായി എൻ.ഡി.എ മൂന്നാം സ്ഥാനത്തേക്ക് നീങ്ങുമെന്നും രണ്ടാംസ്ഥാനത്തേക്ക് യു.ഡി.എഫ് എത്തുമെന്നും ഇരുകൂട്ടരും സമ്മതിക്കുന്നു.
എൻ.ഡി.എയും എൽ.ഡി.എഫും ഇഞ്ചോട് ഇഞ്ച് പൊരുതിയെന്ന് മാധ്യമങ്ങൾ അവകാശപ്പെടുന്ന ഗുരുവായൂരിലുള്ള എൻ.ഡി.എ മൂന്നാം സ്ഥാനത്താണ്. ഇവിടെ 15480 വോട്ടു എൽ.ഡി.എഫിനും 10826 വോട്ട് യു.ഡി.എഫിനുമായി കണക്കാക്കുമ്പോൾ എൻ.ഡി.എക്ക് 8746 വോട്ടാണ് എൽ.ഡി.എഫ് കരുതുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.കെ. അക്ബർ ചാവക്കാട്, പുന്നയൂർക്കുളം, ഒരുമനയൂർ മേഖലയിൽ നേടിയ മേൽക്കൈ ഇത്തവണ സുനിൽ കുമാറിനുണ്ടാകുമെന്നാണ് ബഷീർ പറയുന്നത്. എൽ.ഡി.എഫ് കണക്കനുസരിച്ച് തൃശൂർ ലോക്സഭ മണ്ഡലത്തിൽ 80,000ൽ പരം വോട്ടുകൾക്ക് സുനിൽ കുമാർ ജയിക്കും. മൊത്തം പോൾ ചെയ്ത 10,72,000 വോട്ടിൽ 2,60,000 വോട്ടുമായി എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകും.
കഴിഞ്ഞതവണ സുരേഷ് ഗോപിക്ക് ലഭിച്ചതിനേക്കാൾ 33,000 കുറവായിരിക്കും ഇത്തവണയെന്നും എൽ.ഡി.എഫ് കണക്കനുസരിച്ച് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ 3,66,000 വോട്ടും വി.എസ്. സുനിൽകുമാർ 4,46,000 വോട്ടും നേടും. തൃശൂർ മണ്ഡലത്തിലെ കണക്ക് തിങ്കളാഴ്ചയാണ് യു.ഡി.എഫ് അവലോകനം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.