ചെളിയിൽ വീണ് മരിച്ച വിദ്യാർഥികളുടെ വീടുകൾ മന്ത്രി കെ. രാജൻ സന്ദർശിച്ചു
text_fieldsചാവക്കാട്: തെക്കൻ പാലയൂരിൽ പത്താഴകുഴിയിലെ ചെളിയിൽ വീണ് മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ എത്തി. സർക്കാരിന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം കുടുംബാംഗങ്ങൾക്ക് എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
വിഷയം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കും.
നിലവിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ചും മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും സംബന്ധിച്ചും എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം എൻ.കെ. അക്ബർ എം.എൽ.എ, തഹസിൽദാർ ടി.കെ. ഷാജി, നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദേവ, ബുഷറ ലത്തീഫ്, എ.ഡി.എം റെജി പി. ജോസഫ്, നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
ഏപ്രിൽ 28നാണ് ചാവക്കാട് പത്താഴകുഴിയിൽ താഴ്ന്ന് വിദ്യാർഥികളായ വരുൺ, മുഹസീൻ, സൂര്യ എന്നിവർ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.