ദേശീയപാത വികസനം; മണത്തലയിൽ അടിപ്പാത, മന്ദലാംകുന്നിൽ അടിപ്പാതയും മേൽപാതയുമില്ല
text_fieldsചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണത്തലയിൽ അടിപ്പാത നിർമിക്കും. മന്ദലാംകുന്നിൽ അടിപ്പാതയും മേൽപാതയുമില്ല. എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ നാട്ടുകാരുടെ ആവശ്യത്തിന് തിരിച്ചടിയായി.
മണത്തല മുല്ലത്തറ ജങ്ഷനിൽനിന്ന് ഏതാനും മീറ്റർ അകലെയുള്ള ചാവക്കാട് നഗരത്തിലേക്ക് കടക്കാൻ ദേശീയപാതയിൽ മേൽപാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ആക്‌ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ആക്‌ഷൻ കമ്മിറ്റിയില്ലെങ്കിലും മന്ദലാംകുന്നിൽ അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ഒന്നടങ്കമുള്ള ആവശ്യം.
എന്നാൽ, ഇതിനു വിപരീതമായാണ് അധികൃതരുടെ വെളിപ്പെടുത്തൽ. മണത്തല മുല്ലത്തറ ജങ്ഷനിൽ 25 മീറ്റർ നീളത്തിലുള്ള അടിപ്പാത നിർമിക്കുമെന്നും ഇതുവഴി ആറുവരി ഗതാഗതം സാധ്യമാകുമെന്നുമാണ് േപ്രാജക്ട് എൻജിനീയറുടെ വിശദീകരണം.
മുല്ലത്തറ ജങ്ഷനിൽനിന്ന് അൽപം വടക്കു മാറി മണത്തല വിശ്വനാഥ ക്ഷേത്രത്തിനുസമീപം 15 മീറ്റർ വീതിയിലും നാല് മീറ്റർ ഉയരത്തിലും അടിപ്പാത നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുല്ലത്തറ ജങ്ഷനിൽ മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തായി ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള സംവിധാനം ഉണ്ടാകും.
മണത്തല ജുമാമസ്ജിദിലേക്കോ ഹയർ സെക്കൻഡറി സ്കൂളിലേക്കോ പോകുന്ന പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഒരുപ്രയാസവും ഉണ്ടാകാത്ത രീതിയിലാണ് നിർമാണം നടത്തുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മന്ദലാംകുന്ന് ജങ്ഷനിൽനിന്ന് ദേശീയപാതയിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ പ്രവേശിക്കാം. അതിനുള്ള സംവിധാനം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
അഥവാ മന്ദലാംകുന്നിൽനിന്ന് നാട്ടുകാർ ആവശ്യപ്പെടുന്നതുപോലെ നേർക്കുനേർ ദേശീയപാത കടന്നുപോകാനും കടന്നുവരാനുമാകില്ല. എം.എൽ.എയും അധികൃതരും ജനപ്രതിനിധികളും ദേശീയപാതയിലെ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ചാവക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് അധികൃതരുടെ വിശദീകരണം.
പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം വരാത്തവിധം നിർമാണപ്രവൃത്തി നടത്തണമെന്ന് എൻ.കെ. അക്ബർ എം.എൽ.എ ആവശ്യപ്പെട്ടു. ദേശീയപാത നവീകരണം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽതന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാതയിലെ ലൈൻ മാർക്കിങ് പൂർത്തീകരിക്കുന്ന മുറക്ക് ജനങ്ങുടെ ആശങ്ക പൂർണമായി നീക്കാൻ കഴിയുമെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി.
നാട്ടുകാരുടെ ആശങ്കയകറ്റാൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലെ അധികൃതരുടെ വെളിപ്പെടുത്തലിൽ തങ്ങളുടെ ആശങ്ക കൂടിയതായി മണത്തല ഫ്ലൈ ഓവർ ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. ഭാരവാഹികളുമായി കൂടിയാലോചിച്ചശേഷം ഔദ്യോഗിക പ്രതികരണം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, നഗരസഭ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന്, നാഷനൽ ഹൈവേ അതോറിറ്റി പ്രോജക്ട് എൻജിനീയർ മീണ, ചാവക്കാട് നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ തുടങ്ങി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.