ദേശീയപാത വികസനം; മന്ദലാംകുന്നിൽ അടിപ്പാതക്ക് സാധ്യത മങ്ങുന്നു
text_fieldsചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മന്ദലാംകുന്ന് മേഖല കാത്തിരിക്കുന്ന അടിപ്പാതക്കുള്ള സാധ്യത മങ്ങുന്നു. മന്ദലാംകുന്നിൽ അടിപ്പാത സാങ്കേതികമായി പ്രായോഗികമോ സാമ്പത്തികമായി ലാഭകരമോ അല്ലെന്ന് അധികൃതർ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പ്രവാസികളുടെ കൂട്ടായ്മയായ സൗഹൃദം മന്ദലാംകുന്നിനു വേണ്ടി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന്, മഹല്ല് പ്രസിഡന്റ് എ.എം. അലാവുദ്ദീൻ എന്നിവർ മുഖേന ഹൈകോടതയിൽ നൽകിയ പൊതു താൽപര്യ ഹരജിക്കെതിരെ നൽകിയ സൈറ്റ് സന്ദർശന റിപ്പോർട്ടിലാണ് അധികൃതരുടെ വിശദീകരണം. ഈ സ്ഥലത്തേക്കുള്ള ഏറ്റവും അടുത്തുള്ള അടിപ്പാത 700 മീറ്റർ ദൂരത്തിൽ നിർമാണത്തിലാണെന്നും തടസ്സമില്ലാത്ത കണക്ടിവിറ്റിക്കായി ഇരുവശത്തുമുള്ള തുടർച്ചയായ സർവിസ് റോഡുകളിലൂടെ പ്രവേശനം നൽകിയിട്ടുണ്ടെന്നുമാണ് പറയുന്നത്.
മന്ദലാംകുന്ന് കൊച്ചന്നൂർ പി.ഡബ്ല്യു.ഡി റോഡിലെ അടിപ്പാത ഒഴിവാക്കി അടിപ്പാത നിർമിക്കുന്നത് 700 മീറ്റർ അകലെയുള്ള ബദർപള്ളിലാണ്. ഇവിടെ റോഡ് കനാേലി കനാൽ ഭാഗത്ത് അവസാനിച്ച് യാത്രക്കാർ ചീർപ്പ് പാലം കയറിയാണ് മറുകരയിലേക്ക് പോകുന്നത്. ഏത് സാഹചര്യത്തിലാണ് ഇവിടെ പാലം നിർമിക്കുന്നതെന്ന് അധികൃതർക്ക് പോലും വ്യക്തമല്ല. മന്ദലാംകുന്ന് അടിപ്പാതയില്ലാത്തതിനാൽ ഈ ഭാഗത്ത് ദേശീയപാതയുടെ രണ്ട് ഭാഗത്തെത്താനും ബദർപള്ളി അടിപ്പാതയിലെ സർവിസ് റോഡ് ഉപയോഗിക്കേണ്ട സാഹചര്യമാണ് വരാൻ പോകുന്നത്. റോഡിനപ്പുറത്ത് മരിച്ചവരുടെ മൃതദേഹവുമായി ഒന്നര കിലോമീറ്റർ സഞ്ചരിക്കണം പള്ളിയിലെത്താൻ.
മന്ദലാംകുന്ന് സെന്ററിൽ അടിപ്പാത വേണമെന്നത് നാട്ടുകാരുടെ അടിയന്തര ആവശ്യമാണ്. ടി.എൻ. പ്രതാപൻ എം.പി ലോക്സഭയിലും എൻ.കെ. അക്ബർ എം.എൽ.എ നിയമസഭയിലും ഇക്കാര്യം പല തവണ ആവശ്യപ്പെട്ടതാണ്. കൂടാതെ നാട്ടുകാരും എ.എം. അലാവുദ്ദീന്റെ നേതൃത്വത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളും പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്നും കേന്ദ്രമന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും നിവേദനം നൽകിയിട്ടുണ്ടെങ്കിലും മന്ദലാംകുന്നിൽ അടിപ്പാത വരില്ലെന്നാണ് സൂചന. ഇതോടെയാണ് പ്രവാസികളുടെ പിന്തുണയോടെ നാട്ടുകാരുടെ കൂട്ടായ്മയായ സൗഹൃദം മന്ദലാംകുന്ന് ഹൈകോടതിയെ സമീപിച്ചത്. ഇതിനിടെ മന്ദലാംകുന്ന് കൊച്ചന്നൂർ റോഡിനു കുറുകെ ദേശീയപാതക്ക് കടന്നുപോകാൻ ചെമ്മണ്ണിട്ട് അടച്ചുകെട്ടാടാനുള്ള ശ്രമവുമുണ്ടായി. അവിടെ ദേശീയപാതയുടെ പണി പൂർത്തിയായെന്ന് ഹൈകോടതിയെ അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ആരോപിച്ച് പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന്, സൗഹൃദം മന്ദലാംകുന്ന് ഭാരവാഹികളായ യഹ് യ മന്ദലാംകുന്ന്, എം.കെ. അബൂബക്കർ, നജീബ് കുന്നിക്കൽ, ആർ.എസ്. ഷക്കീർ, മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.കെ. ഉസ്മാൻ, ഹുസൈൻ എടയൂർ എന്നിവർ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ച് രംഗത്തിറങ്ങിയതോടെയാണ് അധികൃതർ പിൻമാറിയത്. റോഡിൽ നിറഞ്ഞ ചെമ്മണ്ണ് പൊടി ഉയർന്ന് വാഹനങ്ങൾക്കും നാട്ടുകാർക്കും യാത്ര ചെയ്യാനാവാത്ത അവസ്ഥയിപ്പോൾ. പൊടിപടലം വീടുക കിലേക്കെത്തുന്നത് പരിസരവാസികൾക്കും ദുരിതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.