ദേശീയപാത വികസനം; കുടിവെള്ളം മുടങ്ങിയാല്‍ കര്‍ശന നടപടി
text_fieldsകബനി ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ നിർമാണ പ്രവൃത്തി
ചാവക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം തടസ്സപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിക്ക് നിർദേശം. ഒരുമനയൂര്‍ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം പുനഃസ്ഥാപിക്കുന്നത് വരെ ദേശീയപാത നിർമാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കാനും എന്‍.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് എം.എൽ.എ യോഗം വിളിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ജല അതോറിറ്റി, നാഷനല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രദേശത്ത് മാറ്റി സ്ഥാപിച്ച പൈപ്പ് ലൈനുകളില്‍ ഇന്റര്കണക്ഷന് നല്കല് ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കാമെന്ന് ദേശീയ പാത അതോറിറ്റി യോഗത്തെ അറിയിച്ചു.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രദേശത്ത് പൈപ്പ് ലൈൻ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രം കാന നിർമാണം ആരംഭിക്കാൻ യോഗത്തില്‍ തീരുമാനമായി. ചാവക്കാട് നഗരസഭ പ്രദേശത്ത് കുടിവെള്ളം തടസ്സപ്പെട്ട കാര്യവും തെരുവ് വിളക്കുകള്‍ കത്താത്ത കാര്യവും ചാവക്കാട് നഗരസഭ ചെയര്പേഴ്സൻ ഷീജ പ്രശാന്ത് യോഗത്തെ അറിയിച്ചു.
ഒരുമനയൂര്‍ പഞ്ചായത്ത് പ്രദേശത്തും ചാവക്കാട് നഗരസഭ പ്രദേശത്തും കടപ്പുറം പഞ്ചായത്തിലും ടാങ്കര്‍ ലോറി വഴി കുടിവെള്ള വിതരണം നടത്താൻ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥർക്ക് എം.എല്‍.എ നിർദേശം നല്കി. ഇക്കാര്യം കാണിച്ച് ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കാനും തീരുമാനമായി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്, വാട്ടര്‍ അതോറിറ്റി എക്സി.എൻജിനീയര്‍മാരായ പി. രേഖ, വിന്നിപോള്‍, ദേശീയപാത അതോറിറ്റി പ്രതിനിധി സി. രാജേഷ്, വിവിധ വകുപ്പ് ഉദ്യാേഗസ്ഥർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.