മുങ്ങിമരിച്ച വിദ്യാർഥികൾക്ക് നാടിന്‍റെ യാത്രാമൊഴി
text_fieldsചാവക്കാട്: തെക്കൻ പാലയൂരിൽ കഴുത്താക്കൽ പാലത്തിനടുത്തുള്ള ബണ്ട് കാണാനിറങ്ങി ചളി നിറഞ്ഞ കുഴിയിൽ മുങ്ങി മരിച്ച മൂന്ന് വിദ്യാർഥികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച് ഉച്ചക്കുശേഷം രണ്ടോടെ പാലയൂർ മാഞ്ചു ബസാറിൽ പൊതുദർശനത്തിനായി മൂന്നു മൃതദേഹങ്ങളുമെത്തിച്ചു.
മനയംപറമ്പിൽ ഷണാദിന്റെ മകൻ വരുൺ (18), മങ്ങേടത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ മുഹസിൻ (16), പരേതനായ മനയം പറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16) എന്നിവരാണ് ചളിക്കുഴിയിൽ മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ പൊതുദർശനത്തിനു കൊണ്ടുവരുന്നതിനു മുമ്പേ മൂന്ന് വിദ്യാർഥികളേയും ഒരുനോക്ക് കാണാൻ അവരുടെ വീടുകൾക്ക് മുന്നിലും മാഞ്ചു ബസാർ മുതൽ പാലയൂർ പള്ളി വരെയും വൻ ജനത്തിരക്കായിരുന്നു.
ടി.എൻ. പ്രതാപൻ എം.പി, എൻ.കെ. അക്ബർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, ജില്ല സെക്രട്ടറി എം.എം. വർഗീസ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, നഗരസഭ കൗൺസിലർമാരായ കെ.വി. സത്താർ, അക്ബർ കോനോത്ത്, കെ.വി. ഷാനവാസ്, സുപ്രിയ രാമേന്ദ്രൻ, കോൺഗ്രസ് നേതാക്കളായ കെ.വി. ഷാനവാസ്, അനീഷ് പാലയൂർ, നവാസ് തെക്കുമ്പുറം, എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ യു. ഉണ്ണികൃഷ്ണൻ തുടങ്ങി വിവിധ തലങ്ങളിലുള്ള നേതാക്കളും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആദരാഞ്ജലിയർപ്പിക്കാനെത്തി.
പൊതുദർശനത്തിനുശേഷം മൂന്നുപേരുടെയും വീട്ടിലെത്തിച്ച മൃതദേഹങ്ങളിൽ മുഹസിന്റേത് അങ്ങാടിത്താഴം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സൂര്യയുടേത് ചാവക്കാട് നഗരസഭ ശ്മശാനത്തിലും വരുണിന്റേത് ഗുരുവായൂർ നഗരസഭ ശ്മശാനത്തിലും സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.