മതിയായ ജീവനക്കാരില്ല; മണത്തല വില്ലേജ് ഓഫിസ് പ്രവൃത്തി സമയത്ത് അടച്ചിട്ടു
text_fieldsചാവക്കാട്: മതിയായ ജീവനക്കാരില്ലാത്തതിനാൽ മണത്തല വില്ലേജ് ഓഫിസ് പ്രവൃത്തി സമയത്ത് അടച്ചിട്ടു. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫിസ് പൂട്ടിയിട്ടത്. ചാവക്കാട് താലൂക്ക് ഓഫിസിന് സമീപമാണ് വില്ലേജ് ഓഫിസ്.
ആറ് ജീവനക്കാർ വേണ്ട ഇവിടെ വില്ലേജ് ഓഫിസർ ഉൾപ്പടെ മൂന്നുപേർ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിലൊരാൾ ഗുരുവായൂർ വില്ലേജ് ഓഫിസിൽനിന്ന് ചൊവ്വാഴ്ചയാണെത്തിയത്. മറ്റെയാൾ ഫീൽഡ് ഓഫിസറാണ്. മാസങ്ങളായി ആവശ്യമായ ജീവനക്കാരില്ലാതെയാണ് മണത്തല വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇതു കാരണം എല്ലാ പ്രവർത്തനങ്ങളും താളംതെറ്റുകയാണ്.
ഭൂമി തരം മാറ്റൽ, വസ്തു നികുതി തുടങ്ങിയവക്ക് കാലതാമസം നേരിടുകയാണ്. വിദ്യാലയ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സർട്ടിഫിക്കറ്റുകൾ വൈകുന്നത് അപേക്ഷകരെ നെട്ടോട്ടമോടിപ്പിക്കുകയാണ്. ജീവനക്കാർ ഫീൽഡ് വർക്കിന് പോകാനാണ് ഓഫിസ് അടച്ചതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. മതിയായ ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.