വിദേശ ജോലി വാഗ്ദാനം: പണം നൽകി വഞ്ചിതരായവർ നിരവധി
text_fieldsചാവക്കാട്: വിദേശ നാടുകളിൽ ജോലി വാഗ്ദാനവുമായി സമൂഹ മാധ്യമങ്ങളിൽ വിലസുന്ന വ്യാജ കമ്പനികളുടെ പരസ്യങ്ങളിൽ വഞ്ചിതരായി നിരവധി യുവാക്കൾ. സൗദി, ഖത്തർ, കുവൈത്ത്, ഇറാഖ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ഒഴിവുണ്ടെന്ന് പരസ്യം നൽകിയാണ് തൊഴിൽരഹിതരായ യുവാക്കളുടെ പണം തട്ടുന്നത്.
ഫ്രീ വിസ, ഫ്രീ റിക്വയർമെൻറ് ഫോർ ഖത്തർ, ഇറാഖ് മെഗാ റിക്വയർമെൻറ് തുടങ്ങിയ ആകർഷക തലക്കെട്ടുകളിൽ സമൂഹ മാധ്യമങ്ങളിൽ ട്രാവൽ ഏജന്റുകളെന്ന പേരിൽ പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന കമ്പനികൾ ഏറെയും ഡൽഹി വിലാസത്തിലുള്ളതാണ്. വമ്പൻ ശമ്പളം കാണിച്ച് നൽകുന്ന ജോലിവാഗ്ദാനങ്ങളിൽ ആകൃഷ്ടരായി അപേക്ഷ നൽകുന്നവർക്കെല്ലാം പെട്ടെന്നുതന്നെ തിരഞ്ഞെടുക്കപ്പെട്ടെന്ന മറുപടി ലഭിക്കും.
വിവിധ ആവശ്യങ്ങളുടെ പ്രോസസിങ് ചാർജായി പണം അടക്കാനാണ് പിന്നീടുള്ള നിർദേശം. പണം നൽകിക്കഴിഞ്ഞാൽ മെഡിക്കൽ ചെക്കപ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് വീണ്ടും പണം ആവശ്യപ്പെടുന്നത്. പലർക്കും വ്യാജ വിസ കോപ്പികൾ വരെ അയച്ചുനൽകിയാണ് കമ്പനി 'വിശ്വാസ്യത' പ്രകടിപ്പിക്കുന്നത്. പരസ്യം നൽകുന്ന ഏജൻസികൾക്കൊന്നും ലൈസൻസ്, രജിസ്ട്രേഷൻ നമ്പറുകളില്ല. അതിനാൽ ഔദ്യോഗിക അന്വേഷണത്തിന് കഴിയാത്ത സ്ഥിതിയാണ്.
ജോലിവാഗ്ദാനത്തിൽ വിശ്വസിച്ച് 30,000 രൂപ വരെ നൽകി വഞ്ചിക്കപ്പെട്ടവർ ചാവക്കാട് മേഖലയിലുണ്ട്. മാനഹാനിയും നാണക്കേടും ഭയന്ന് ആരും കാര്യങ്ങൾ പുറത്തുപറയുന്നില്ല. പരാതി നൽകാനും ഇവർ ഒരുക്കമല്ല. ഇലക്ട്രീഷ്യന്മാരും പ്ലംബിങ് ജോലിക്കാരും സേഫ്റ്റി എൻജിനീയർമാരുമൊക്കെയായി അഭ്യസ്തവിദ്യരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. തട്ടിപ്പിനിരയായ ചാവക്കാട് സ്വദേശി പരസ്യത്തിനുതാഴെ 'തട്ടിപ്പാണ് ആരും വഞ്ചിതരാകരുതെ'ന്ന് പ്രതികരണമിട്ടാണ് കലി തീർത്തത്. ഇതോടെ തട്ടിപ്പിനിരയായ പലരും ഈ യുവാവിനെ വിളിച്ച് സങ്കടം പങ്കുവെക്കാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.