മെഡിക്കൽ ലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ഉടമക്കെതിരെ അരലക്ഷം പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത്
text_fieldsചാവക്കാട്: ഇൻ ജക് ഷൻ സിറിഞ്ചുകൾ ഉൾപ്പടെയുള്ള മാലിന്യം പൊതു സ്ഥലത്ത് തള്ളിയ സ്വകാര്യ മെഡിക്കൽ ലാബ് ഉടമക്കെതിരെ അരലക്ഷം പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത്. മന്ദലാംകുന്നിലെ ഹെൽത്ത് കെയർ ഹൈ ടെക് ലാബിൻ്റെ ഉടമക്കെതിരെയാണ് പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ 50000 രൂപ പിഴ ചുമത്തിയത്. ലാബിൽ നിന്നുള്ള സിറിഞ്ചുകൾ, രക്തം നിറച്ച ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടൈനർ എന്നിവയടങ്ങിയ രണ്ട് ചാക്ക് മാലിന്യമാണ്
പുന്നയൂർ പഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം അലക്ഷ്യമായി തള്ളിയത്. ആറ്റുപുറം സെൻറ് ആൻറണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും പാതിയിറക്കൽ നിഷാദിന്റെ മകൻ മായ ഇബ്രാഹിം നാസിം മദ്രസയിൽ നിന്നും വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് മാലിന്യ കെട്ടുകൾ കണ്ടത്. ഉടനെ വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐ.ആർ.ടി.സി കോഓഡിനേറ്റർ ബി.എസ്. ആരിഫ എന്നിവർ സ്ഥലം പരിശോധന നടത്തി. സിറിഞ്ച് വിതരണ കമ്പനിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം മന്ദലാംകുന്നിലെ ലബോറട്ടറി വരെയെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി. മാലിന്യം തള്ളിയ സ്ഥാപന ഉടമയെ മാലിന്യം തള്ളിയ സ്ഥലത്തത്തൊൻ പൊലീസ് ആവശ്യപ്പെട്ടു. ഉടമ സ്ഥലത്തെത്തിയാണ് തള്ളിയ മാലിന്യം നീക്കം ചെയ്തത്.
മനുഷ്യ ജീവന് ഹാനികരമായ മാലിന്യങ്ങളാണ് ചാക്കിൽ കണ്ടെത്തിയതെന്നും പൊതുജനങ്ങൾക്ക് മാതൃക ആകേണ്ട ആരോഗ്യപ്രവർത്തകർ തന്നെ ഇത്തരത്തിലുള്ള പ്രവൃർത്തി ചെയ്യുന്നത് വളരെ ഖേദകരമാണെന്നും പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേന്ദ്രൻ പറഞ്ഞു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടികൾക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.വി. ഷീജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.