തീരത്ത് വീണ്ടും ഭീതിയുയർത്തി കടലിരമ്പൽ
text_fieldsചാവക്കാട്: ശക്തമായ കടലാക്രമണത്തിൽ തിരയടിച്ച് തീരത്തേക്ക് കയറി നിരവധി വീടുകൾ വെള്ളത്തിലായി. അഞ്ചങ്ങാടി വളവിൽ കടൽ കയറി ഭാഗികമായി തകർന്ന വീട് പൂർണമായി നിലം പതിച്ചു. ദുരിതത്തിലായ വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് മുതൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം, ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരേയുള്ള തീരമേഖലയിൽ പലയിടങ്ങളിലായാണ് കടലാക്രമണത്തിൽ തിരയടിച്ചു കയറി കര കവർന്നത്.
കടപ്പുറം പഞ്ചായത്ത് തീരമേഖലയിൽ ഇടക്കിടെയുണ്ടാകുന്ന കടൽക്ഷോഭത്തിന്റെ കെടുതിയിൽനിന്ന് തീരം സംരക്ഷിക്കുമെന്ന അധികൃതരുടെ ഉറപ്പ് വീണ്ടും പാഴ് വാക്കായി. കഴിഞ്ഞ മാസം കുറേ കരിങ്കല്ലിറക്കിയെങ്കിലും ഫലപ്രദമായില്ല.
ബുധനാഴ്ച്ച ഉച്ചക്ക് 12 ഓടെ ആരംഭിച്ച കടൽകയറ്റമാണ് പിന്നീട് തീരമേഖലയാകെ കൂടുതൽ ശക്തിയാർജിച്ചത്. തിരകൾ കയറി തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്ന് വെള്ളമൊഴുകി. മൂസാ റോഡിലും അഞ്ചങ്ങാടി വളവിലും വെളിച്ചെണ്ണപ്പടിയിലും കടൽ വെള്ളം റോഡ് കവിഞ്ഞൊഴുകി. വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല് ക്ഷോഭം രൂക്ഷമായിട്ടുള്ളത്.
പഴൂർ റസാഖ്, പുതു വീട്ടിൽ ബീരു, പൊള്ളക്കായി ഹംസ, ചാലിൽ ആലി, തറയിൽ ഫാത്തിമ, ചിന്നക്കൽ ജലാൽ, പണ്ടാരത്തിൽ ബദറു, പണ്ടാരത്തിൽ നൗഷാദ്, ജലാൽ പുളിക്കൽ എന്നിവരുടെ വീടുകളിലേക്ക് തിരയിരച്ച് കയറിയത്. വെള്ളക്കെട്ടുയർന്നതോടെ ഇവരുടെ ജീവിതം ദുസ്സഹമായി. കടലാക്രമണം ചെറുക്കാൻ നിർമിച്ച കടൽ ഭിത്തി തകർന്ന മേഖലയിൽ പകരം സംവിധാനമായി.
ജിയോ ബാഗ് സ്ഥാപിച്ച മേഖലകളിലും കടൽ ക്ഷോഭം ശക്തമാണ്. ജിയോബാഗുകൾ കീറിപ്പറിഞ്ഞ് ദ്രവിച്ച അവസ്ഥയിലാണ്. കടലാക്രമണ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടി.വി പ്രവർത്തകരെ ചില യുവാക്കൾ തടഞ്ഞതു സംബന്ധിച്ച് യുവാക്കളും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. സി.പി.എം. പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.