കടപ്പുറം പഞ്ചായത്തിൽ കടലാക്രമണം ശക്തം; നിരവധി വീടുകൾ വെള്ളത്തിൽ
text_fieldsചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ വീണ്ടും കടലാക്രമണം. മുനക്കക്കടവിൽ നിരവധി വീടുകൾ വെള്ളത്തിലായി. കടപ്പുറം പഞ്ചായത്ത് തീരമേഖലയിൽ മുനക്കക്കടവ് ഇഖ്ബാൽ നഗറിലാണ് ബുധനാഴ്ച ഉച്ചക്കുശേഷം കടലാക്രമണം രൂക്ഷമായത്. മുനക്കക്കടവ് സെൻറർ മദ്റസ മുതൽ ലീഗ് ഓഫിസ് വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ രൂക്ഷമായത്.
കൂടാതെ അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, ഞോളി റോഡ്, ആനന്ദവാടി എന്നിവിടങ്ങളിലും ശക്തമായ കടൽക്ഷോഭമാണ്. കടൽഭിത്തി തകർന്ന ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. പതിവുപോലെ തിരയിരച്ചു കയറി തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്ന് വെള്ളമൊഴുകി.
മുനക്കക്കടവ് ഇഖ്ബാൽ നഗറിൽ 25ലേറെ വീടുകൾ വെള്ളത്തിലായി. പഞ്ചായത്ത് മുൻ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ പി.എ. അഷ്കറലി, കടവിൽ മുനീർ, പോണത്ത് മുഹമ്മദ്, പോക്കാക്കില്ലത്ത് ഹുസൈൻ, പണ്ടാരി ഷാഹു, ചിന്നക്കൽ സുഹറ, ചാലക്കൽ ഷമീർ, ചോപ്പൻ ഹസൻ, പടിഞ്ഞാറപുരക്കൽ ഷാനവാസ്, പൊന്നാക്കാരാൻ കുഞ്ഞടിമു, പുതുവീട്ടിൽ ഷാഹുൽ ഹമീദ്, പാത്തുമ്മ കറുത്ത, പണ്ടാരത്തിൽ താജുദ്ദീൻ, കടവിൽ ഫാത്തിമ, ഐഷ കറുത്ത, വലിയകത്ത് ആമിനു തുടങ്ങിയവരുടെ വീടുകൾ വെള്ളത്തിലാണ്.
ഇവരിൽ പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. പ്രദേശത്തെ പലവീടുകളും കടലാക്രമണ ഭീഷണിയിലാണ്. വെള്ളക്കെട്ടുയര്‍ന്നതിനാല്‍ ഇവര്‍ക്ക് പ്രാഥമിക കാര്യങ്ങളും പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. കടല്‍ക്ഷോഭ കാലത്ത് പല വീട്ടുകാർക്കും സ്വസ്ഥമായി താമസിക്കാനാകാത്ത സാഹചര്യമാണ്. ഓരോ കടലാക്രമണ കാലത്തും മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാഗ്ദാനം നൽകി പോകുകയല്ലാതെ നടപടികളൊന്നുമുണ്ടാകുന്നില്ല.
കടൽഭിത്തി കെട്ടുന്നതിൽ അലംഭാവം; നാട്ടുകാരുടെ പ്രതിഷേധം ശക്തം
ചാവക്കാട്: കടലാക്രമണമുണ്ടാകുന്ന മേഖലയിൽ കടൽഭിത്തി കെട്ടി സുരക്ഷയൊരുക്കാൻ അലംഭാവം കാട്ടുന്ന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം വേലിയേറ്റത്തെക്കാൾ ശക്തമായി. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് ഇഖ്ബാൽ നഗറിലെ തീരദേശ റോഡ് ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം.
സംഭവമറിഞ്ഞ് മുനക്കക്കടവ് തീര പൊലീസും ചാവക്കാട് പൊലീസും പരമാവധി ശ്രമിച്ചിട്ടും സമരത്തിൽനിന്ന് നാട്ടുകാർ പിൻമാറിയില്ല. റവന്യു ഉദ്യോഗസ്ഥരെത്തിയാലെ സമരമവസാനിപ്പിക്കൂവെന്ന് തറപ്പിച്ച് പറഞ്ഞതോടെ ചാവക്കാട് തഹസിൽദാറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. കടൽത്തിര ഒഴുകി വരുന്ന കടൽഭിത്തിയില്ലാത്ത ഭാഗത്ത് മണ്ണടിച്ചു നിർത്തി താൽക്കാലിക സംവിധാനമൊരുക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
സ്ത്രീകളും കുട്ടികളുമുൾപ്പടെ മേഖലയിലെ നിരവധിയാളുകൾ സമരത്തിൽ പങ്കെടുത്തു. സൈദ്മുഹമ്മദ് പോക്കാകിലത്ത്, പി.എ. അഷ്കർ അലി, എ.കെ. ശുഹൈബ്, ഹുസൈൻ പോക്കാകിലത്ത്, നസീർ പൊന്നാക്കാരൻ, പി.എസ്. സുഫൈർ, മൈമൂന, ഐഷ കറുത്ത, സുബൈദ ഷാഹുൽ ഹമീദ്, പാത്തുമ്മു കറുത്ത, ശബന ഹുസൈൻ, കയ്യമോൾ കുറ്റിയാട്ടയിൽ, ഷാഹുൽ ഹമീദ് പുതുവീട്ടിൽ, അഷറഫ് കുറ്റിയാട്ടയിൽ, മുഹമ്മദാലി പൊന്നാക്കാരൻ, പി.എസ്. അസ്ലം, പി.എം. ഹിളർ, പി.എസ്. ഷബീർ, അബ്ദുസമദ് പോക്കാക്കില്ലത്ത്, ഇസഹാക്ക് ചിന്നാലി, കെ.ആർ. യാസിർ, മൻസൂർ പണ്ടാരത്തിൽ, ഷബീബ് ഇബ്രാഹിം, പി.കെ. നിഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.