കടപ്പുറത്ത് കടലാക്രമണം ശക്തമാകുന്നു; കടൽഭിത്തി നിർമാണം എങ്ങുമെത്തിയില്ല
text_fieldsചാവക്കാട്: കടപ്പുറത്ത് കടലാക്രമണം ശക്തമാകുന്നു. കടൽഭിത്തി നിർമാണം എങ്ങുമെത്തിയില്ല. അഞ്ചങ്ങാടിയിലും മൂസാ റോഡിലും തീരദേശ പാതയിലേക്ക് കടൽ ഇരച്ചു കയറി. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് കടൽക്ഷോഭം തുടങ്ങിയത്. ഉച്ചക്കുശേഷം വീണ്ടും ശക്തമായി.
കടലാക്രമണം പതിവായ അഞ്ചങ്ങാടി വളവിലെ ഇരുനില കെട്ടിടം തകർച്ചയുടെ വക്കിലാണ്. ഇവിടെയുള്ളവരെ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ അധികൃതർ കഴിഞ്ഞ ദിവസം പഞ്ചായത്തിൽ കത്ത് നൽകിയിരുന്നു. കടൽകയറി തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്ന് കിഴക്ക് ഭാഗത്തേക്ക് വെള്ളമൊഴുകി. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമില്ലാതെ മേഖലയിലെ ജനങ്ങൾ ദുരിതത്തിലാണ്.
കഴിഞ്ഞ വർഷം കടലാക്രമണം രൂക്ഷമായപ്പോൾ 49 മീറ്റർ ഭാഗത്താണ് കടൽഭിത്തി നിർമിച്ചത്. അതിനു മുമ്പ് സ്ഥാപിച്ച ജിയോ ബാഗ് തകർന്നു.
കടലാക്രമണ പ്രദേശമായ കടപ്പുറം പഞ്ചായത്തിൽ കടൽഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയും എൻ.കെ. അക്ബർ എം.എൽ.എ ജലസേചന വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. അഞ്ചങ്ങാടി വളവിലെ ഇരുനില കെട്ടിടവും തീരദേശ പാതയും കടലാക്രമണ ഭീഷണിയിലാണെന്നും എം.എൽ.എ ചൂണ്ടിക്കാണിച്ചിരുന്നു.
കാലവർഷം ശക്തമാകുന്നതോടെ വരും ദിവസങ്ങളിൽ കടലാക്രമണം കൂടുതൽ രൂക്ഷമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കടൽകയറി വെള്ളക്കെട്ടുയർന്നതോടെ അഞ്ചങ്ങാടി വളവിലെ ഓട്ടോ തൊഴിലാളികളും ദുരിതത്തിലായി. ഓട്ടോ പാർക്കിങ് ഏരിയ വെള്ളക്കെട്ടിലായതിനാൽ കിഴക്ക് ഭാഗത്തേക്ക് മാറ്റിയിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.