കലിയടങ്ങാതെ കടൽ; കടപ്പുറത്തെ ഇരുനില കെട്ടിടവും തകർച്ചയിലേക്ക്
text_fieldsചാവക്കാട്: കലിയടങ്ങാത്ത കടലിന് മുമ്പിൽ ഇരുനില കെട്ടിടത്തിനും പിടിച്ചു നിൽക്കാനാവുന്നില്ല. കടപ്പുറം പഞ്ചായത്ത് തീരമേഖലയിൽ കടൽ പ്രക്ഷുബ്ധാവസ്ഥ തുടരുകയാണ്. ഞായറാഴ്ച അഞ്ചങ്ങാടി വളവിലെ പഴയ ടെലഫോൺ ബൂത്ത് കെട്ടിടം തിരയടിച്ച് കയറി നിലംപതിച്ചിരുന്നു. തൊട്ടടുത്ത കെട്ടിടവും ഏതുനിമിഷവും തകർന്നുവീഴുമെന്ന അവസ്ഥയിലാണ്.
രൂക്ഷമായ കടലാക്രമണം തുടരുമ്പോഴും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ. ഞായറാഴ്ച നാട്ടുകാർ വഴി തടയൽ സമരം സംഘടിപ്പിച്ചിരുന്നു. എം.എൽ.എ ഉൾപ്പടെ ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സമരത്തിനൊരുങ്ങുകയാണ്.
കടപ്പുറത്തെ തീരദേശവാസികളോട് സർക്കാരും എം.എൽ.എയും കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ആസിഫ് വാഫി, ആരിഫ് വട്ടേക്കാട്, അഡ്വ. വി.എം. മുഹമ്മദ് നാസിഫ്, റംഷാദ് കാട്ടിൽ, ഷാജഹാൻ അഞ്ചങ്ങാടി, ഫൈസൽ ആശുപത്രിപടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.