കോൺഗ്രസിന്റെ പരാജയത്തിന് കാരണം മൃദു ഹിന്ദുത്വം -മുഖ്യമന്ത്രി
text_fieldsചാവക്കാട്: തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിട്ടതും താൻപോരിമയുമാണ് വടക്കേ ഇന്ത്യയിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫിന് 18 എം.പിമാരുണ്ടായിട്ടും ഒരാൾ പോലും ലോക്സഭയിൽ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ല.
പ്രളയകാലത്ത് സംസ്ഥാനത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ പുറംതിരിഞ്ഞ് നിന്നിട്ടുപോലും അതിനെതിരെ ശബ്ദിക്കാൻ യു.ഡി.എഫിലെ ഒരൊറ്റ എം.പി പോലും മുന്നോട്ട് വന്നില്ല.
ഓഖി, പ്രളയം, കോവിഡ് ഉൾപ്പെടെ ഒരുപാട് പ്രതിസന്ധികൾ നമുക്ക് നേരിടേണ്ടി വന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് കേരളത്തെ ഉയർത്താൻ കഴിഞ്ഞു. കേരളത്തിലാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂനിവേഴ്സിറ്റി സ്ഥാപിച്ചത്. ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിലാണ്. ചെയ്യാൻ കഴിയുന്ന കാര്യമേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ഇത് ജനം തിരിച്ചറിഞ്ഞു എന്നതാണ് നവകേരള സദസ്സിന്റെ വിജയം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷാജിമോൻ സ്വാഗതവും ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് നന്ദിയും പറഞ്ഞു.
അർഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കുന്നില്ല’
കുന്നംകുളം: നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമായ ധനസഹായം പോലും കൃത്യമായി നൽകാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടന്ന നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാഭ്യാസ രംഗത്ത് നടത്തിയ ശക്തമായ ഇടപെടലിലൂടെ വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യത്തിനും അക്കാദമിക് മികവും മെച്ചപ്പെടുത്താനായതായി മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞ് പോയ സ്ഥാനത്ത് 10 ലക്ഷം കുട്ടികൾ പുതുതായി സ്കൂളിൽ വന്നു ചേർന്നു. ഇതിന് ഏറ്റവും അധികം സഹായിച്ചത് കിഫ്ബിയിലൂടെയുള്ള പശ്ചാത്തല സൗകര്യ വികസനമാണ്. ആരോഗ്യരംഗവും ഏഴര വർഷം മുമ്പ് തകർന്നടിഞ്ഞ അവസ്ഥയിലായിരുന്നു. ആശുപത്രികളെ മികവുറ്റതാക്കാൻ ആർദ്രം പദ്ധതിയിലൂടെ സാധിച്ചു-മുഖ്യമന്ത്രി പറഞ്ഞു. എ.സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
വികസന സെമിനാറിലൂടെ ഉയർന്നുവന്ന ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വികസന രേഖ മുഖ്യമന്ത്രിക്ക് നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ആർ. വിനീത് എന്നിവർ ചേർന്ന് കൈമാറി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവര് സംസാരിച്ചു. ജനറൽ കൺവീനർ എസ്. ഹരീഷ് സ്വാഗതവും കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ നന്ദിയും പറഞ്ഞു.
പരക്കെ കരിങ്കൊടി; അറസ്റ്റ്, ഉപരോധം, തടങ്കൽ
ചെറുതുരുത്തി: നവകേരള സദസ്സുമായി ചേലക്കര നിയോജകമണ്ഡലത്തിലേക്ക് വാഹനത്തിൽ വന്ന മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമെതിരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് വെച്ച് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് അഖിലാഷ് പാഞ്ഞാൾ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ് അലവി ദേശമംഗലം, ഗണേഷ് ആറ്റൂർ, യു. അബ്ദുല്ല, ശ്രീജിത്ത് മായന്നൂർ, സാരംഗ് തിരുവില്വാമല, ധനീഷ് പഴയന്നൂർ, വിഷ്ണു മഠത്തിലാത്ത്, ഷാജി മോഹൻ, സൂരജ്, റിൻഷാദ് തലശ്ശേരി, പി. ബ്രഹ്മദത്തൻ എന്നിവർ നേതൃത്വം നൽകി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
ചാവക്കാട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്തിയ മഹിള കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ, ജില്ല സെക്രട്ടറിമാരായ ബേബി ഫ്രാൻസിസ്, ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറിമാരായ റജീന പൂക്കോട്, എം.ബി. രാജലക്ഷ്മി, ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുതുവട്ടൂർ സെന്ററിൽ വെച്ചാണ് കരിങ്കൊടി ഉയർത്തിയത്. പ്രവർത്തകരെ പിന്നീട് വിട്ടയച്ചു.
വടക്കാഞ്ചേരി: കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കാത്തതിൽ പ്രതിഷേധം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ 120ഓളം കോൺഗ്രസ് പ്രവർത്തകർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. നഗരസഭ കൗൺസിലർമാരായ പി.എൻ. വൈശാഖ്, സന്ധ്യ കൊടക്കാടത്ത്, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ, ജില്ല സെക്രട്ടറി സജിത്ത് അഹമ്മദ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
കേച്ചേരി: കേച്ചേരിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ചൂണ്ടൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും ചൂണ്ടൽ പഞ്ചായത്ത് മെംബറുമായ ധനേഷ് ചുള്ളിക്കാടിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വില്യംസ്, ഗ്രീഷ്മ സുരേഷ്, ശരത്ത് എന്നിവരാണ് കരിങ്കൊടി കാണിച്ചത്.
കുന്നംകുളം: കുന്നംകുളത്തേക്ക് വരികയായിരുന്ന മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രേഷ്മ സതീഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ രോഷിത് ഒ.ആർ. കിസാഫ് കരിക്കാട്, കാട്ടകാമ്പാൽ മണ്ഡലം പ്രസിഡന്റ് ഷഹീർ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി നിഷ ജയേഷ്, ബ്ലോക്ക് സെക്രട്ടറി ജയന്തി, ആബിദ എന്നിവരുടെ നേതൃത്വത്തിൽ പന്നിത്തടത്തിനും മരത്തംകോടിനു ഇടയിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടായിരുന്ന ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
പ്രതിഷേധം ഉണ്ടാകുമെന്ന രഹസ്യ അന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ്, കടവല്ലൂർ മണ്ഡലം പ്രസിഡന്റ് ഹക്കീം എന്നിവരടക്കം ഇരുപതോളം പ്രവർത്തകരെ എരുമപ്പെട്ടി, കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി.
എരുമപ്പെട്ടി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ കരിങ്കൊടി കാണിക്കാൻ കാത്തുനിന്ന കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചു. കരിയന്നൂർ ബസ് സ്റ്റോപ്പിനു സമീപം കരിങ്കൊടിയുമായി സംഘം ചേർന്ന് നിന്ന 11 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
കോൺഗ്രസ്സ് നേതാക്കളായ പി.എസ്. സുനീഷ്, എൻ.കെ. കബീർ, അമ്പലപ്പാട്ട് മുരളീധരൻ, എം.സി ഐജു, നജീബ് കൊമ്പത്തേയിൽ, ഷിയാസ് ചിറ്റണ്ട, എം.എം. നിഷാദ്, സുജാത എരുമപ്പെട്ടി, വിമൽ ശങ്കർ, റസാഖ് എന്നിവരെയാണ് തടങ്കലിൽ വെച്ചത്. കുണ്ടന്നൂരിൽ ഷാജൻ കുണ്ടന്നൂർ, ഫ്രിജോ വടക്കൂട്ട്, ഡോൺ ഡേവീഡ് എന്നി കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ വെച്ചു.
തൃശൂർ: പ്രതിഷേധമുണ്ടാവുമെന്ന സൂചനയിൽ ഫാം ഡി ഡോക്ടേഴ്സ് അസോസിയേഷൻ നേതാവിനെയും കരുതൽ തടങ്കലിലാക്കി പൊലീസ്. അസോ. പ്രസിഡൻറ് സൈമൺ ജോഷ്വയെ ആണ് വിയ്യൂർ പൊലീസ് പുലർച്ചെ വീട്ടിൽ നിന്നും കരുതൽ തടങ്കലിലെടുത്തത്.
മുഖ്യമന്ത്രി ഒന്നു കേൾക്കണേ...തോംസിക്ക് ഒന്നും കേൾക്കാനാവില്ല; കോക്ലിയർ ഇംപ്ലാന്റ് തകരാറിലായ വിദ്യാർഥിനി നവകേരള സദസ്സിൽ
ചാവക്കാട്: കോക്ലിയർ ഇംപ്ലാന്റ് തകരാറിലായ നിരവധി പേർ അപേക്ഷയുമായി നവകേരള സദസ്സിലെത്തി. പാവറട്ടി സി.കെ.സി ജി.എച്ച്.എസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയും ചിറ്റിലപ്പള്ളി മൂക്കൻ ബെൻസന്റെ മകളുമായ തോംസിയുടെ അപേക്ഷ ഹൃദയഭേദകമാണ്. തോംസിയുടെ മാതാവും പിതാവും കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്തവരാണ്. തോംസിയും അനുജത്തിയും ജന്മന കേൾവി ശക്തിയില്ലാത്തവരായിരുന്നു.
ഇരുവരും കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്തവരാണ്. 2012ൽ രണ്ടാം വയസ്സിലാണ് സംസ്ഥാന സർക്കാറിന്റെ ‘ശ്രുതിതരംഗം’ പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്തത്. അഡ്വാൻസ്ഡ് ബയോണിക്സ് കമ്പനിയുടെ ഹാർമണി എന്ന മോഡൽ കോക്ലിയറാണ് ഇവർക്കെല്ലാം പിടിപ്പിച്ചത്. ഈ മോഡൽ ഇപ്പോൾ നിലവിലില്ല. ഇതിന്റെ മുഖ്യ ഉപകരണമായ പ്രൊസസർ ആറ് മാസം മുമ്പ് തകരാറിലായതായി തോംസി പറഞ്ഞു. അതോടെ കേൾവി ശക്തിയുമില്ലാതായി.
മറ്റേതെങ്കിലും മോഡലിലേക്ക് അപ്ഡേഷൻ ചെയ്താൽ ശരിയാകുമെന്നാണ് തോംസിയുടെ മാതൃസഹോദരൻ ജെഫിൻ ജോണി പറയുന്നത്. അതിന് നാല് ലക്ഷം രൂപയാണ് ചെലവ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് തോംസിയുടേത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് നേരത്തെ അപേക്ഷ നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
സംസ്ഥാനത്ത് 4000ലേറെ പേരുണ്ട് കോക്ലിയർ ഇംപ്ലാന്റേഷൻ കഴിഞ്ഞവർ. 500ഓളം പേർ തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്. ചാവക്കാട് മേഖലയിൽ 40 പേരുണ്ടെന്ന് ഇവരുടെ കൂട്ടായ്മയുടെ ഏരിയ പ്രസിഡൻറ് പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശി കോട്ടത്തറയിൽ ജമാൽ പറയുന്നു.
നവകേരള സദസ്സിന് സൗജന്യ ഓട്ടോ സേവനം
തൃപ്രയാർ: തൃപ്രയാറിൽ ചൊവ്വാഴ്ച നടക്കുന്ന നാട്ടിക നിയോജക മണ്ഡലം നവകേരള സദസ്സിന് ഓട്ടോ-ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നാട്ടിക പഞ്ചായത്ത് കമ്മിറ്റി ഘോഷയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. ഓട്ടോ തൊഴിലാളി യൂനിയൻ യൂനിറ്റ് പ്രസിഡന്റ് എം.എം. ദിൽഷാദ് അധ്യക്ഷത വഹിച്ചു.
സി.ജി. ദാസൻ, ഇ.വി. ധർമൻ, കെ.വി. സജീവൻ, എൻ.വി. ഗോപി നാഥൻ എന്നിവർ നേതൃത്വം നൽകി.
നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സൗജന്യ യാത്രക്കായി 20 ഓട്ടോകൾ സേവനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഘോഷയാത്ര നടത്തി
തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തളിക്കുളം, വലപ്പാട് പഞ്ചായത്തുകളിലെ അംഗൻവാടി പ്രവർത്തകരും ഐ.സി.ഡി.എസ് ജീവനക്കാരും ഘോഷയാത്ര നടത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മല്ലിക ദേവൻ അധ്യക്ഷത വഹിച്ചു.
ശുഭ നാരായണൻ, നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജൂബി പ്രദീപ് എന്നിവർ പങ്കെടുത്തു.
നവകേരള സദസ്സ്; തൃപ്രയാറിൽ ഇന്ന് ഗതാഗത നിയന്ത്രണം
തൃപ്രയാർ: തൃപ്രയാറിൽ ചൊവ്വാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചക്ക് ഒന്ന് മുതൽ ഹൈവേയിൽ വടക്ക് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാടാനപ്പള്ളി, പത്താംകല്ല്, തളിക്കുളം എന്നിവിടങ്ങളിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ പ്രവേശിച്ച് തൃപ്രയാർ പോളി സെന്റർ വഴി പുളിഞ്ചോട് വഴി എടമുട്ടം ഹൈവേയിലൂടെ പോകണം.
വടക്ക് ഭാഗത്ത് ചേറ്റുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഉച്ചക്ക് ഒന്നു മുതൽ പാലപ്പെട്ടി വളവിൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിലേക്ക് പ്രവേശിച്ച് തളിക്കുളം വഴി വാടാനപ്പളളി ഭാഗത്തേക്ക് പോകണം. തൃപ്രയാർ കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ എൻ.ഇ.എസ് ജങ്ഷന് സമീപം സ്വകാര്യ പാർക്കിങ്ങ് ഗ്രൗണ്ടിൽ യാത്രക്കാരെ ഇറക്കി അവിടെ നിന്നും സർവിസ് ആരംഭിക്കണം.
മറ്റു വാഹനങ്ങൾ തൃപ്രയാർ ജങ്ഷനിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. തൃപ്രയാർ ജങ്ഷനിലും പരിസരത്തും പാർക്കിങ്ങ് അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.