സംസ്ഥാന ജലപാത പദ്ധതി പാതിവഴിയിൽ; കനോലി കനാലിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധമുയരുന്നു
text_fieldsചാവക്കാട്: സംസ്ഥാന ജലപാത പദ്ധതി പാതിവഴിയിൽ. കോടികൾ മുടക്കിയ ശുചീകരണം എവിടെയുമെത്തിയില്ല. കനോലി കനാലിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധമുയരുന്നു. ഒരുകാലത്ത് ശക്തമായ വേനൽ ചൂടിലും തെളിനീരായി ഒഴുയൊഴുകിയിരുന്ന കനോലി കനാലാണ് പ്ലാസ്റ്റിക് കുപ്പികളും അറവ് മാലിന്യവും വീടുകളിൽനിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക് ബാഗുകെട്ടുകളും നിറഞ്ഞ് ദുർഗന്ധമുയർത്തുന്നതായി മാറിയത്.
ദേശീയപാത വികസന ഭാഗമായി പൊന്നാനി പൂക്കൈത ഭാഗത്ത് പാലം നിർമിക്കുന്നതിന്റെ ഭാഗമായി ചെമ്മണ്ണിട്ട് ബണ്ട് പണിയുന്നതിനാൽ കനാലിെന്റ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. വേലിയേറ്റവും വേലിയിറക്കവും ഉള്ളപ്പോൾ കനോലി കനാൽ തെക്കുവടക്ക് ദിശകളിലേക്ക് മാറിമാറിയൊഴുകിയിരുന്നതായിരുന്നു.
മന്ദലാംകുന്ന് പാലത്തിന് വടക്കുഭാഗത്തായി കനോലിക്കു കുറുകെ തെങ്ങ് വീണതോടെ മാലിന്യം തെങ്ങിൽ തടഞ്ഞു. സമീപത്തെ വ്യാപാരി സ്വന്തം ചെലവിൽ തെങ്ങ് മുറിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കനാലിൽനിന്ന് മാറ്റാനായില്ല. പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിലാണിത്. എന്നാൽ മറ്റു ഭാഗങ്ങളിലും വെള്ളമൊഴുക്കില്ലാതെ കുളവാഴകളും ആഫ്രിക്കൻ പായലുകളും ശക്തമായ വേനൽ ചൂടേറ്റ് കത്തിക്കരിഞ്ഞ അവസ്ഥയിലാണ്.
2020 ഓടെ കനോലി കനാൽ ശുചീകരിച്ച് സംസ്ഥാന ജലപാതയാക്കുമെന്നായിരുന്നു സർക്കാർ ഭാഗത്തുനിന്ന് അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2019ൽ കനാൽ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.
ചാവക്കാട് മുതല്‍ പൊന്നാനി വരെ കനാലിലേക്ക് ചാഞ്ഞുനില്ക്കുന്ന മരങ്ങളും പാഴ്ച്ചെടികളും കനാലിലെ മറ്റ് തടസ്സങ്ങളും നീക്കുന്ന പ്രവൃത്തിയാണ് നടത്തിയിരുന്നത്. വെള്ളത്തില്‍ പൊന്തി കിടക്കുന്ന യന്ത്രങ്ങളാണ് ഇതിനു ഉപയോഗിച്ചത്. ഒരെണ്ണം അണ്ടത്തോട് പാലം മുതല്‍ ചാവക്കാട് ഭാഗത്തേക്കും മറ്റൊന്ന് പാലം മുതല്‍ വടക്കോട്ട് പൊന്നാനി വരെയുമാണ് പ്രവര്‍ത്തിച്ചത്. അമേരിക്കല്‍ കമ്പനിയായ എം.ജി.എം റിസോഴ്സിനാണ് ചുമതല എന്നായിരുന്നു അറിയിപ്പ്.
കോവളം മുതല്‍ കാസർകോട് വരെയുള്ള ജലപാത വികസനത്തിനായി സംസ്ഥാന സർക്കാറും കൊച്ചിൻ ഇന്റർ നാഷനൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) പങ്കാളികളായി രൂപവത്കരിച്ച ക്വിൽ രൂപവത്കരിച്ച കേരള വാട്ടർവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ് (ക്വിൽ) ജലപാത പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ജലപാത പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ചാവക്കാട് മേഖലയിലാണ് കനോലി കനാൽ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ബോട്ടുകൾക്ക് തടസ്സമില്ലാതെ യാത്രചെയ്യാൻ പാകത്തിൽ കാനലിൽ ഒന്നര മീറ്റർ ആഴംകൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒപ്പം കനാലിന്റെ ഇരുവശത്തും കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് സംരക്ഷണഭിത്തിയും കെട്ടി ആവശ്യമായ ഭാഗങ്ങളില്‍ മണ്ണെടുത്ത് തോടിന്റെ വീതികൂട്ടുമെന്നും അറിയിച്ചിരുന്നു.
ജലഗതാഗതത്തിനു തടസ്സമാകുന്ന നടപ്പാലങ്ങളും തൂക്കുപാലങ്ങളും പൊളിച്ച് കോണ്‍ക്രീറ്റില്‍ നിർമിക്കലാണ് മൂന്നാംഘട്ടം. എന്നാൽ ആദ്യഘട്ടത്തോടെ പദ്ധതി നിലച്ചമട്ടാണ്. അതിനുശേഷമാണ് കെ. റെയിലും തീരദേശപാതയും രംഗത്തുവന്നത്. എന്നാൽ പാതിമരിച്ച കനോലി കനാലിന്റെ ജീവൻ നിലനിർത്താനുള്ള നീക്കം ഒന്നുമില്ല.
മേഖലയിൽ കുടിവെള്ള സ്രോതസ്സുകളിലും കൃഷിയിടങ്ങളിലും കനോലി കനാലിൽനിന്നുള്ള ഉപ്പുജലം കയറി ഉപയോഗ ശൂന്യമായിരിക്കുകയാണ്. ഇതിനെങ്കിലും പരിഹാരമുണ്ടാക്കണമെന്നാണ് കനോലി കനാൽ തീരവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.