തൃശൂർ ജില്ല മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു; സമാന്തര സംഘടനയുമായി ഒരുവിഭാഗം
text_fieldsചാവക്കാട്: ജില്ലയിൽ മുസ്ലിം ലീഗിൽ ഏറെക്കാലമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും രൂക്ഷമായി. ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സമാന്തര സംഘടന രൂപവത്കരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. മുസ്ലിം ലീഗിലെ തിരുത്തൽ വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവരാണ് വെള്ളിയാഴ്ച ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചത്. ജില്ല, നിയോജക മണ്ഡലം, പഞ്ചായത്തുതല നേതാക്കളും പോഷക സംഘടന നേതാക്കളുമടക്കം നൂറിൽപരം പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്.
കുറച്ചുകാലമായി നീറിപ്പുകയുന്ന സംഘടന പ്രശ്നങ്ങളാണ് പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ ജില്ല നേതാക്കളുടെ യോഗം ചേർന്ന് ‘ക്രസന്റ് കൾച്ചർ സെന്റർ’ (സി.സി.സി) എന്ന പേരിലാണ് സാംസ്കാരിക സംഘടന രൂപവത്കരിച്ചത്. ലീഗ് ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞിക്കോയ തങ്ങളാണ് സംഘടനയുടെ ചെയർമാൻ.
പ്രവാസി ലീഗ് സംസ്ഥാന നേതാവ് ജലീൽ വലിയകത്ത് ജനറൽ കൺവീനറും ലീഗിന്റെ ജില്ല വൈസ് പ്രസിഡന്റ് ആർ.പി. ബഷീർ ട്രഷററുമാണ്. സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ജില്ലയിലെ പ്രമുഖരായ നേതാക്കളും വലിയ വിഭാഗം അണികളും സി.സി.സിക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് വിവരം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ ചേലക്കര നിയോജക മണ്ഡലത്തിലും വിപുലമായ പ്രവർത്തക കൺവെൻഷൻ ചേർന്നു.
സമാന്തര സംഘടന രൂപവത്കരിച്ചതറിഞ്ഞ് ജില്ല ലീഗിലെ ഔദ്യോഗിക വിഭാഗം കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ, നോട്ടീസ് ലഭിച്ച ശേഷവും നിയോജക മണ്ഡലം കൺവെൻഷനുകൾ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തുടനീളം ലീഗ് പ്രവർത്തകരുടെ സാംസ്കാരിക സംഘടനകൾ നിരവധിയുണ്ടെന്നും ആ പേര് പറഞ്ഞ് നടപടിയെടുക്കാൻ നേതൃത്വത്തിന് കഴിയില്ലെന്നുമാണ് സി.സി.സി നേതാക്കളുടെ വിലയിരുത്തൽ.
അകന്ന് നിൽക്കുന്നവരെയും അകറ്റി നിർത്തിയവരെയും വെട്ടിനിരത്തിയവരെയും ചേർത്തുനിർത്തി പാർട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് സി.സി.സിയുടെ മുഖ്യനയമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. നിയോജക മണ്ഡലം കൺവെൻഷനുകൾക്ക് ശേഷം 5000ലധികം ആളുകളെ സംഘടിപ്പിച്ച് തൃശൂരിൽ വിപുലമായ കൺവെൻഷൻ നടത്താനും തീരുമാനിച്ചതായാണ് വിവരം.
സമവായ തീരുമാനങ്ങൾ കാറ്റിൽ പറത്തി -സി.സി.സി
ചാവക്കാട്: ജില്ലയിൽ മുസ്ലിം ലീഗ് നിർജീവമാണെന്ന് ക്രസന്റ് കൾച്ചർ സെന്ററിന്റെ (സി.സി.സി) വിലയിരുത്തൽ. പാർട്ടി തെരഞ്ഞെടുപ്പിൽ പലയിടത്തും ഉണ്ടാക്കിയ സമവായ തീരുമാനങ്ങൾ കാറ്റിൽ പറത്തി, ചതിയിലൂടെയും വഞ്ചനയിലൂടെയുമാണ് ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ പലയിടത്തും രൂപവത്കരിച്ചതെന്ന് അവർ ആരോപിച്ചു.
അർഹതപ്പെട്ടവരെയും പാർട്ടിക്കുവേണ്ടി ത്യാഗം ചെയ്തവരെയും ഗ്രൂപ്പുണ്ടാക്കി ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെ വെട്ടിനിരത്തി. തട്ടിക്കൂട്ടിയുണ്ടാക്കിയ കമ്മിറ്റികളാണ് ജില്ലയിൽ മിക്കയിടത്തും നിലവിൽ വന്നിരിക്കുന്നത്.
പെട്ടിപിടുത്തക്കാരെയും ഏറാൻ മൂളികളെയും അഴിമതിക്കാരെയുമാണ് ഭാരവാഹികളാക്കി വെച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ പാർട്ടി വിരുദ്ധരെന്ന പേരിട്ട് മെംബർഷിപ് കൊടുക്കാതെയും യോഗങ്ങളിൽ പങ്കെടുപ്പിക്കാതെയും തഴയുന്നു. ഒട്ടേറെ നേതാക്കളെയും പ്രവർത്തകരെയുമാണ് പാർട്ടി പ്രവർത്തനമേഖലയിൽനിന്ന് മാറ്റിനിർത്തിയിരിക്കുന്നത്.
ജില്ലയിലെ രണ്ട് നേതാക്കൾക്കെതിരെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി ആരോപണങ്ങളുമുണ്ട്. പാർട്ടി ഭരണഘടന അട്ടിമറിച്ചും പാർട്ടിയിലെ ജാനാധിപത്യം ഇല്ലാതാക്കിയും അധികാര ഭ്രാന്തും അഴിമതിയും ലക്ഷ്യം വെച്ചും മാത്രം പ്രവർത്തിക്കുന്ന കോക്കസിന്റെ കൈയിൽ കിടന്ന് പാർട്ടി നശിക്കുകയാണെന്നും സി.സി.സി നേതാക്കൾ ആരോപിക്കുന്നു.
നാല് വർഷം മുമ്പ് നടന്ന അംഗത്വ കാമ്പയിനിൽ ലീഗിന് ജില്ലയിൽ 1,10,000ഓളം അംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ കാമ്പയിനിൽ 75,000 ആയി കുറഞ്ഞു. ഗ്രൂപ്പിസവും വെട്ടിനിരത്തലും അഴിമതിയും നിറഞ്ഞ ഔദ്യോഗിക വിഭാഗത്തിന്റെ പ്രവർത്തനമാണ് ഇതിന് കാരണമെന്നും സി.സി.സി നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.