ഇവർ ഇനി എവിടെ പോകണം?
text_fieldsചാവക്കാട്: വീടും പുരയിടവും കടലെടുത്തു. അഭയം തേടിയെത്തിയ സുനാമി കോളനിയിലും രക്ഷയില്ല. ചോർന്നൊലിക്കുന്ന വീടുകളിൽനിന്ന് ഇനി ഞങ്ങൾ എവിടെ പോകുമെന്നാണ് ഈ ഹതഭാഗ്യരായ വീട്ടുകാരുടെ ചോദ്യം. പരേതനായ തൊട്ടാപ്പിൽ റമദാന്റെ വീട് ചോർന്നൊലിച്ച് കട്ടിളപ്പടി വരെ വെള്ളമുയർന്നിരിക്കുകയാണ്. മതിൽ നനഞ്ഞതിനാൽ അപകടമോർത്ത് വൈദ്യുതി ബന്ധവും ഇവർ തന്നെ വിച്ഛേദിച്ചിരിക്കുകയാണ്.
വീട്ടിൽ റമദാന്റെ ഭാര്യ ഫാത്തിമയും ഹൈസ്കൂൾ വിദ്യാർഥികളായ മൂന്ന് പെൺമക്കളുമാണുള്ളത്. 10 വർഷമായി ഇവർ സൂനാമി കോളനിയിലെത്തിയിട്ട്. ഇപ്പോൾ കടലുള്ള സ്ഥലത്തായിരുന്നു ഇവരുടെ വീട്. വീടും പുരയിടവും കടലെടുത്തതോടെ കുറച്ചുകാലം വാടക വീട്ടിൽ കഴിഞ്ഞ ശേഷമാണ് സുനാമി കോളനിയിലെത്തിയത്.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഇവർ താമസിക്കുന്നത് പ്രയാസപ്പെട്ടാണ്. ഫാത്തിമയുടേതുൾപ്പടെ 15ഓളം വീടുകളിൽ ചോർച്ച തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായി. കടപ്പുറം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഫലമൊന്നുമില്ലെന്നാണ് ഇവർ പറയുന്നത്. സൂനാമി കോളനിയുടെ കസ്റ്റോഡിയൻ ചുമതല തഹസിൽദാർക്കാണ്. എന്നാൽ, ഇവിടത്തെ അറ്റകുറ്റപ്പണി തീർക്കേണ്ടത് കടപ്പുറം പഞ്ചായത്താണെന്ന് താഹിൽദാർ ടി.കെ. ഷാജി പറഞ്ഞു. അതേസമയം, പഞ്ചായത്തിന് സൂനാമി കോളനി വിട്ടുനൽകിയിട്ടില്ലെന്നും അതിനാൽ അറ്റകുറ്റപ്പണി ചുമതല തഹസിൽദാറിനാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.