മൊയ്തുണ്ണി ചാവക്കാടിന്‍റെ വരികൾ മക്കളിലൂടെ വീണ്ടും
text_fieldsചാവക്കാട്: ഗാനരചയിതാവ് കെ.സി. മൊയ്തുണ്ണി ചാവക്കാടിന്‍റെ വരികൾ മക്കളിലൂടെ വീണ്ടും ശ്രോതാക്കളിലെത്തുന്നു. ബലിപെരുന്നാൾ ദിനമായ ഞായറാഴ്ച യൂട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങളുടെ റിലീസിങ്. മൊയ്തുണ്ണിയുടെ മക്കളായ അബ്ദുൽ ആരിഫ്, കരീം കോയ എന്നിവർ ചേർന്ന് നിർമാണം നിർവഹിച്ച് കെ.സി.എം മീഡിയ 'രാഗമെൻ സദ്യ' പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. കവിയുടെ പേരിലുള്ള യൂട്യൂബ് ചാനലിലും ഗാനങ്ങൾ ലഭിക്കും.
കാവ്യാത്മകവും ആത്മീയവുമായ വരികള്‍കൊണ്ട് ശ്രദ്ധ നേടിയ കവിയായിരുന്നു മൊയ്തുണ്ണി. എന്നാൽ, ചാവക്കാട്ട് ഇങ്ങനെയൊരു കവിയും ഗാനരചയിതാവും ഉണ്ടായിരുന്നുവെന്ന് പുതിയ തലമുറക്ക് അറിയില്ല. മണത്തല കൊച്ചഞ്ചേരി വീട്ടിൽ മൊയ്തുണ്ണിയുടെ ജനനം 1947ലാണ്.
1974ൽ ഖത്തറിലെത്തി. 1991ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ അദ്ദേഹം 2019 ഫെബ്രുവരി 25നാണ് നിര്യാതനായത്. മൊയ്തുണ്ണിയുടെ വരികൾ 'ആത്മാര്‍പ്പണം' ഗാനസമാഹാരത്തിലൂടെ അക്കാലത്ത് പുറത്തിറങ്ങിയിരുന്നു.
1979-80 കാലത്ത് മൊയ്തുണ്ണി ശബ്നം എന്ന തന്‍റെ മകളുടെ പേരിൽ പുറത്തിറക്കിയ 'ശബ്നം ഗാനമഞ്ജരി' പാട്ടുപുസ്തകം ശ്രദ്ധേയമായിരുന്നു. ഈ പുസ്കകത്തിലെ 'കരയാതിരിക്കെന്‍റെ കരളാം കുഞ്ഞേ...' എന്ന ഒരു താരാട്ട് ഗാനം ഉൾപ്പെടെയുള്ളവയാണ് ഇപ്പോൾ പുറത്തിറക്കുന്നത്.
ലൈല റസാഖ് സംഗീതം നൽകി അവർ തന്നെയാണ് ഗാനം ആലപിച്ചിട്ടുള്ളത്. 'പരനേ നീ എന്നില്‍ തരേണം അതെന്നും' എന്ന ഗാനം അഷ്റഫ് എടക്കരയുടെ സംഗീതത്തിൽ ബെന്‍സീറ റഷീദും 'മലരേ മലരേ തളരാതെ' ഗാനം ഷാഫി ഇബ്രാഹിം ചാവക്കാടിന്‍റെ സംഗീതത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലവും ആലപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.