തിരുവത്ര ജമാഅത്ത് കമ്മിറ്റി: അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തണമെന്ന് ഹൈകോടതി
text_fieldsചാവക്കാട്: തെരഞ്ഞെടുപ്പിലൂടെ ജനകീയ കമ്മിറ്റി വരുന്നത് വരെ തിരുവത്ര ജമാഅത്ത് കമ്മറ്റിയുടെ മേൽനോട്ടം വഹിക്കാൻ അഡ്മിനിസ്ട്രേറ്ററെ നിയോഗിക്കാൻ വഖഫ് ബോർഡിനോട് ഹൈകോടതി ഉത്തരവിട്ടു. 20 വർഷമായി തെരഞ്ഞെടുപ്പ് നടത്താത്ത തിരുവത്ര ജമാഅത്ത് കമ്മിറ്റി നടപടിക്കെതിരെ മഹല്ല് സംരക്ഷണ സമിതി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.
ഇതിൽ വാദം കേട്ട ശേഷമാണ് അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്താൻ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. വഖഫ് വസ്തുവകകളിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
തിരുവത്ര ജമാഅത്ത് കമ്മിറ്റി മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ അത് പരിസരത്ത് നിന്ന് നീക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. തിരുവത്ര മഹല്ല് സംരക്ഷണ വേദിക്ക് വേണ്ടി വി.കെ. അഷറഫ് ഹാജി, കെ.എ. പരീത്, അബ്ദുൽ മജീദ്, അബൂബക്കർ ഹാജി എന്നിവരാണ് പരാതി നൽകിയത്. മഹല്ല് സംരക്ഷണ സമിതിക്ക് വേണ്ടി അഭിഭാഷകരായ സതീശൻ, ഡോണ എന്നിവർ ഹാജരായി.
തർക്കത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കം
ചാവക്കാട്: തിരുവത്ര ജമാഅത്ത് കമ്മിറ്റിയിലെ ഭരണ സംബന്ധമായ തര്‍ക്കത്തിന് രണ്ട് പതിറ്റാണ്ടിലേറെയാണ് പഴക്കം. 2002 ലെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പോടെയാണ് ജമാഅത്ത് കമ്മിറ്റിയിലെ ചേരിപ്പോരിനും തര്‍ക്കത്തിനും തുടക്കമായത്. തെരഞ്ഞെടുപ്പ് യോഗത്തിൽ നിരവധി പാനലുകൾ അവതരിപ്പിക്കപ്പെട്ടു. ഇതിൽ സമവായമാകാതിരുന്നതിനെ തുടർന്ന് തർക്കമുണ്ടാവുകയും തെരഞ്ഞടുപ്പ് നടപടി നിര്‍ത്തിവെക്കുകയുമായിരുന്നു.
ഇതോടെ പഴയ കമ്മിറ്റി രണ്ടായി പിളര്‍ന്ന് അതിലൊരു വിഭാഗം കമ്മിറ്റിയുമായി മുന്നോട്ടു പോയി. ഇതേ തുടര്‍ന്നാണ് നാട്ടൂകാര്‍ ഹൈകോടതിയെ സമീപിച്ചത്. 2009 ല്‍ വിഷയത്തിൽ ഉചിത നടപടിയെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിർദേശിച്ചു. വഖഫ് ബോര്‍ഡ് ഇരു കക്ഷികളുടെയും വാദങ്ങള്‍കേട്ട ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് അഡ്വ. ടി.എന്‍. സുജീര്‍ റിട്ടേണിങ് ഓഫീസറായെത്തി നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ കെ. നവാസ്, പി.എം. ഹംസ എന്നിവര്‍ പ്രസിഡൻറും സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എന്നാല്‍ എതിര് വിഭാഗം ഇതിനെതിരെ പരാതിയുമായി വഖഫ് ട്രിബ്യൂണലിനെ സമീപിച്ചു.തിരുവത്ര ജമാഅത്ത് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത തിരുവത്ര ജമാഅത്ത് കമ്മിറ്റിയുടെയാണെന്നായിരുന്നു പരാതിക്കാരുടെ വാദം.
രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിഷയത്തിൽ വഖഫ് ബോര്‍ഡിന് ഇടപടേണ്ട കാര്യമില്ലെന്നും പരാതിക്കാർ ചൂണ്ടികാട്ടി. വാദങ്ങള്‍ക്കൊടുവിൽ പള്ളിയും വസ്തുവകകളും വഖഫ് സ്വത്തുക്കളാണെന്ന് വഖഫ് ട്രിബ്യൂണല്‍ ജഡ്ജ് എസ്.എസ്. വാസന് 2017 ഒക്ടോബര്‍ 18 ന് ഉത്തരവിട്ടു. 1991 ലാണ് സൊസൈറ്റി ആക്റ്റ് പ്രകാരം തിരുവത്ര ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നത്.
എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളിയും വസ്തുവകകളും നിലവിലുണ്ടായിരുന്നെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന് നല്കി കമ്മിറ്റി ഭാരവാഹികള്‍ വഖഫ് ബോര്‍ഡിന്റെ നടപടി പിന്നെയും തടഞ്ഞു. ഇതിനിടെ മൂന്ന് വട്ടം ഇടക്കാല മുത്തവല്ലിയേയും ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് പള്ളി പറമ്പിലെ അഞ്ച് ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതി ഉയർന്നത്.
മുത്തവല്ലിയുടെ നൽകിയ പരാതിയിൽ രണ്ടു പേർക്കെതിരെ ചാവക്കാട് പൊലീസ് മോഷണക്കുറ്റത്തിന് കേസെടുത്തെങ്കിലും പിന്നീട് നടപടികളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.