'കള്ളുഷാപ്പിന് കൂട്ടുനിൽക്കുന്ന സെക്രട്ടറിക്ക് ഒത്താശ നൽകുന്നത് എം.എൽ.എയും ചെയർപേഴ്സനും'
text_fieldsചാവക്കാട്: നഗരസഭയുടെ അനുമതിയില്ലാതെ ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് ഭൂമി കൈയേറി പ്രവർത്തിക്കുന്ന കള്ള് ഷാപ്പിന് ചട്ടങ്ങൾ ലംഘിച്ച് കൂട്ടുനിൽക്കുന്ന നഗരസഭ സെക്രട്ടറിക്ക് ഒത്താശ നൽകുന്നത് എം.എൽ.എയും നഗരസഭ ചെയർപേഴ്സനുമാണെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതി ചാവക്കാട് നഗരസഭ ഓഫിസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുമതിയില്ലാതെ ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് ഭൂമി കൈയേറി പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ചുപൂട്ടാൻ ജില്ല കലക്ടർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടച്ചുപൂട്ടിയില്ലെങ്കിൽ ഷാപ്പ് പ്രവർത്തിക്കാനാവാത്തവിധം ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമരസമിതി നേതാവ് സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് തെക്കുംപുറം, കെ. നവാസ്, തോമസ് ചിറമേൽ, നഗരസഭ കൗൺസിലർമാരായ ഷാഹിദ മുഹമ്മദ്, സുപ്രിയ രാമചന്ദ്രൻ, ഫൈസൽ കാനാമ്പുള്ളി, മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡന്റ് ഹനീഫ ചാവക്കാട്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് പാലയൂർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അക്ബർ പുലയൻ പാട്ട്, കടപ്പുറം പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, മുൻ പഞ്ചായത്ത് അംഗം ഷാലിമ സുബൈർ, ഗുരുവായൂർ നഗരസഭ കൗൺസിലർ രേണുക, പ്രവാസി കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
ചാവക്കാട് താലൂക്ക് ഓഫിസ് പരിസരത്ത് മാർച്ച് പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.