'എനിക്ക് വട്ടായോ, അതോ നാട്ടുകാർക്ക് മൊത്തം വട്ടായോ'
text_fieldsചാവക്കാട്: നഗരസഭ തെരഞ്ഞെടുപ്പിൽ ഒരുവാർഡിൽ ഒരേ ഗ്രൂപ്പിെൻറ രണ്ട് സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ വോട്ടഭ്യർഥനയുമായി സമൂഹമാധ്യമത്തിൽ. രണ്ടുമെടുത്തിട്ട് 'എനിക്ക് വട്ടായതാണോന്ന്' ചോദിച്ച മറ്റൊരു പോസ്റ്റ് വൈറലാകുന്നു. നഗരസഭയിലെ കോൺഗ്രസ് സിറ്റിങ് സീറ്റായ തിരുവത്ര ബേബി റോഡ് 28ാം വാർഡിലാണ് ഐ ഗ്രൂപ്പിലെ രണ്ടുപേർ മത്സരിക്കുന്നതായി പോസ്റ്റിറക്കിയത്. എ-ഐ ഗ്രൂപ്പുവഴക്കുകാലത്ത് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എ.സി. ഹനീഫയുടെ വീടിനു സമീപമാണീ വാർഡ്. സംഭവത്തിൽ ആരോപണവിധേയനായി പാർട്ടിക്ക് പുറത്തായ ബ്ലോക്ക് പ്രസിഡൻറ് സി.എ. ഗോപപ്രതാപെൻറ തീരുമാനപ്രകാരം ഐ ഗ്രൂപ്പിലെ സ്ഥാനാർഥിയായ സീനത്ത് കോയയാണ് ഇവിടെ വിജയിച്ചത്. ഇപ്പോൾ മത്സരിക്കുന്നതായി പ്രചാരണത്തിലുള്ളവരിലൊരാൾ സീനത്തിെൻറ ഭർത്താവ് കോട്ടപ്പുറത്ത് കോയ മൊയ്തുട്ടിയും മറ്റൊരാൾ ഇതേ ഗ്രൂപ്പിലെ എം.എം. അസ്മത്തലിയുമാണ്. അസ്മത്തലിയുടെ പേരാണ് പാർട്ടി നേതൃത്വം ഡി.സി.സിക്ക് നൽകിയതെന്നാണ് പൊതുവിവരം. ഇവരുടെ പ്രചാരണ പോസ്റ്റുകൾ ഇതിനകം സമൂഹമാധ്യമത്തിലൂടെ പുറത്തായിട്ടുണ്ട്. അതുകണ്ട് അൻസിഫ് അലി എന്നയാളുടെ 'എനിക്ക് വട്ടായതോ, അതോ നാട്ടകാർക്ക് മൊത്തം വട്ടായതോ?' എന്ന പ്രതികരണമാണ് നാട്ടിൽ വൈറലായത്.
എന്നാൽ, കോൺഗ്രസ് നേതാവ് കെ.എച്ച്. ഷാഹുവും ഇവിടെ മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴത്തെ ഡി.സി.സി പ്രസിഡൻറുമായുള്ള അടുത്തബന്ധമാണ് ഇത്തരമൊരു ചർച്ചക്ക് കാരണം. ഇതിനിടയിൽ തൊട്ടടുത്ത് തിരുവത്രയിലെ 30ാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിമതസ്ഥാനാർഥിയായി നിൽക്കുന്നുണ്ട്. കൂടാതെ എട്ടാം വാർഡിലും പാർട്ടി തീരുമാനിച്ച സ്ഥാനാർഥിക്കെതിരെ മഹിള കോൺഗ്രസ് നേതാവും മത്സരിക്കാനാണ് തീരുമാനം. ഇങ്ങനെ കോൺഗ്രസ് മൂന്നിടത്ത് വിമത ഭീഷണിയിൽ നിൽക്കുമ്പോൾ സി.പി.എമ്മിനും വിമതഭീഷണി ഉയരുന്നുണ്ട്. 19ാം വാർഡിലാണ് മുൻ കൗൺസിലർ സി.കെ. അബ്ദുൽ കലാം കലാപക്കൊടി ഉയർത്തുന്നത്. കഴിഞ്ഞ തവണ 13 വോട്ടിനും അതിനുമുമ്പ് എട്ടു വോട്ടിനുമാണ് കലാം ഉൾപ്പെടെയുള്ള പാർട്ടി സ്ഥാനാർഥികൾ ഇവിടെനിന്ന് ജയിച്ചത്. ലീഗിലെ ഫൈസൽ കാനാമ്പുള്ളിയാണ് യു.ഡി.എഫ് സ്ഥാനാർഥി. സ്വതന്ത്രനായി മത്സരിക്കുന്ന വിവരം കലാം പുറത്തുവിട്ടിട്ടില്ലെങ്കിലും നഗരസഭയിൽനിന്ന് നാമനിർദേശപത്രം വാങ്ങിക്കുക മാത്രമല്ല, അതിനൊപ്പം അടക്കേണ്ട പണവും കലാം അടച്ചിട്ടുണ്ട്. പാർട്ടിയിലെ വിഭാഗീയത കാരണം സി.പി.എം ഏരിയ കമ്മിറ്റി അംഗം, ഈസ്റ്റ് ലോക്കൽ സെക്രട്ടറി എന്നീ പദവികളിൽനിന്ന് പി.വി. സുരേഷ് കുമാർ കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.