പുന്നയൂരിൽ കൺവെൻഷൻ ചേരാനാകാതെ യു.ഡി.എഫ്
text_fieldsചാവക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂട് പിടിച്ചിട്ടും ഗ്രൂപ് പോര് നിലനിൽക്കുന്ന പുന്നയൂർ പഞ്ചായത്തിലെ യു.ഡി.എഫ് കൺവെൻഷൻ അനിശ്ചിതത്വത്തിൽ.
മണ്ഡലം കോൺഗ്രസ് ആസ്ഥാനവുമായി ബന്ധപ്പെട്ട പാർട്ടിക്കുള്ളിലെ തർക്കവും സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിലെ തർക്കവുമാണ് കൺവെൻഷൻ ചേരാൻ തടസ്സമാകുന്നത്. ഇതിനകം മൂന്ന് പ്രാവശ്യം ചേരാൻ തീരുമാനിച്ച യു.ഡി.എഫ് കൺവെൻഷനുകളാണ് മാറ്റിവെച്ചത്.
ഒപ്പം സി.എ.എക്കെതിരെ മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം ചൊവ്വാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ചും മാറ്റി.
എടക്കഴിയൂരിൽ കോൺഗ്രസ് ആസ്ഥാനത്തിനായി വാങ്ങിയ 10 സെന്റ് ഭൂമിയിൽനിന്ന് ദേശീയപാത വികസനത്തിനായി പകുതിയിലേറെ സ്ഥലമെടുത്തിരുന്നു. 13 ലക്ഷത്തോളം രൂപയാണ് ഇതിനായി ലഭിക്കേണ്ടത്. ഈ തുക ദേശീയപാത അധികൃതരിൽനിന്ന് വാങ്ങാൻ എ ഗ്രൂപ് നേതാക്കൾ അലംഭാവം കാണിക്കുന്നുവെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം.
എ വിഭാഗത്തിന് ഈ തുക ഉപയോഗിച്ച് മന്ദലാംകുന്ന് ഭാഗത്ത് പാർട്ടി ഓഫിസുണ്ടാക്കണമെന്ന ഉദ്ദേശമാണെന്നും അവർ പറയുന്നു. തുക കൈപ്പറ്റാൻ വൈകുന്നതിനാൽ കോടതിയിലേക്ക് നീക്കമെന്ന ആശങ്കയിലാണ് ഐ വിഭാഗം. ഇക്കാര്യത്തിൽ ജില്ല നേതൃത്വം ഇടപെട്ടിട്ടും എ വിഭാഗത്തിലെ വടക്കേക്കാട് മുൻ ബ്ലോക്ക് പ്രസിഡന്റ് വാശിപിടിക്കുന്നുവെന്നും ഐ വിഭാഗത്തിന് പരാതിയുണ്ട്. പാർട്ടി ഓഫിസിനു ലഭിക്കേണ്ട തുക വാങ്ങാതെ ഒന്നിച്ചു പോകാൻ തങ്ങളില്ലെന്നാണ് പ്രവർത്തകരുടെ മുന്നറിയിപ്പ്. മുസ്ലിം ലീഗിലെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം തീർക്കാനായിട്ടില്ല.
ഗുരുവായൂർ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് കൺവെൻഷൻ ചേർന്നിട്ടും പുന്നയൂരിലെ തർക്കങ്ങൾ പരിഹരിക്കാതെ കൺവെൻഷൻ ചേരാനാവാത്ത സാഹചര്യമാണ്. അടിത്തട്ടിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് തലത്തിലെ നിസ്സംഗത ജില്ല നേതാക്കൾക്ക് തലവേദന സൃഷ്ടിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിയുടെ പര്യടനത്തിൽപോലും ലീഗിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പങ്കെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.