ഒരുമനയൂർ പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന
text_fieldsചാവക്കാട്: ഒരുമനയൂർ പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന നടത്തി. ഭവന നിർമാണമുൾപ്പെടെയുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ അനുമതി നൽകാതെ കെട്ടിക്കിടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇന്റേണൽ വിജിലൻസ് അസി. ഡയറക്ടർ വി. ജയരാജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നാട്ടുകാരിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനക്കെത്തിയതെന്നും പ്രാഥമിക പരിശോധനയിൽ ഫയലുകൾ നീക്കുന്നതിൽ കാലതാമസം ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ വിളിച്ച് യോഗം ചേർന്ന് നിർദേശം നൽകിയതായും അടുത്ത ആഴ്ചയിൽ വീണ്ടുമെത്തി ഫയലുകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെർമിറ്റിനുള്ള 115 അപേക്ഷകൾ പഞ്ചായത്ത് ഓഫിസിൽ കെട്ടിക്കിടക്കുന്നതായി കോൺഗ്രസ് പ്രതിനിധിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജെ. ചാക്കോ പറഞ്ഞു. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരിധിയിൽ വരാത്ത നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പെർമിറ്റ് നൽകാതെ നാട്ടുകാരെ ഉദ്യോഗസ്ഥർ നെട്ടോട്ടം ഓടിപ്പിക്കുന്നത്. നാലു ദിക്കും പുഴകളാൽ ചുറ്റപ്പെട്ട സി.ആർ.സെഡ് മാനദണ്ഡങ്ങൾക്ക് പുറമെയാണ് ഉദ്യോഗസ്ഥരുടെ ക്രൂര വിനോദം. ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി മൗനം പാലിക്കുകയാണെന്നും ചാക്കോ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.