മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങാതെ താഴ്ന്ന പ്രദേശങ്ങൾ
text_fieldsചാവക്കാട്: മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങാതെ താഴ്ന്ന പ്രദേശങ്ങൾ. കനോലി കനാലിന്റെയും കോൾ പാടങ്ങളുടെയും തീരങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്കാണ് വെള്ളമിറങ്ങാത്തത് ദുരിതമാകുന്നത്. ചാവക്കാട് മണത്തല, വഞ്ചിക്കടവ് മേഖലയിലെ വീടുകളും പുന്നയൂർക്കുളം ഉപ്പുങ്ങൽ, വടക്കേക്കാട് കപ്ലേങ്ങാട് ഭാഗങ്ങളിലെ റോഡുകളും വെള്ളക്കെട്ടിലാണ്. കപ്ലേങ്ങാട് ക്ഷേത്രത്തിനു സമീപം മന്ദലാംകുന്ന് കൊച്ചന്നൂർ റോഡിൽ 300 മീറ്ററിലേറെ അകലത്തിൽ വെള്ളമാണ്. ഈ വഴി വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത വിധം വെള്ളം ഉയർന്ന് നിൽക്കുകയാണ്. പാടശേഖരത്തോട് ചേർന്ന ഭാഗമാണിത്. ഇതേ റോഡിൽ കുഴിങ്ങര ഭാഗത്തും വെള്ളക്കെട്ടാണ്. പുന്നയൂർക്കുളം പഞ്ചായത്തിലെ ആൽത്തറ കുണ്ടനിയിൽ വെള്ളക്കെട്ടു കാരണം മേഖലയിലെ വീട്ടുകാർക്കായി രാമരാജ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരിക്കയാണ്. 56 പേരാണ് ക്യാമ്പിലുള്ളത്.
നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ക്യാമ്പാണിത്. കനാലിലെ വെള്ളം നിറഞ്ഞു കവിഞ്ഞതിനാലാണ് ചാവക്കാട് വഞ്ചിക്കടവിലെ തീരവാസികൾ വെള്ളക്കെട്ടിലായത്. ഇവിടെയുള്ളവർ മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. മിക്ക വിട്ടുകാരും ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നുണ്ടെങ്കിലും 15 പേരാണ് ക്യാമ്പിലുള്ളത്. മന്ദലാംകുന്ന് എ.കെ.ജി റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരത്തിനുള്ള തീരുമാനമായി. സർവിസ് റോഡുൾപ്പടെ വെള്ളം നിറഞ്ഞ എ.കെ.ജി റോഡ് പരിസരത്തെ 30 വീട്ടുകളാണ് വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നത്. ജില്ല കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ശേഷമാണ് ശാശ്വത പരിഹാരത്തിനുള്ള തീരുമാനമുണ്ടായത്.
മേഖലയിലെ വെള്ളം ചക്കാലേ റോഡിലൂടെ പൈപ്പുവഴി കനോലി കനാലിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. മണ്ണിനടിയിലൂടെ വ്യാസം കൂടിയ പൈപ്പിട്ട് 30 മീറ്റർ ഇടവിട്ട് മാൻഹോളിട്ടാണ് വെള്ളമൊഴുക്ക് സുഗമമാക്കാൻ പദ്ധതിയിട്ടത്. അവസാന ഭാഗമായ കനോലി കനാൽ ഭാഗത്ത് സ്ലൂയിസ് നിർമിക്കും. കനാലിലെ വെള്ളം തിരിച്ച് ഒഴുകാതിരിക്കാനാണിതെന്ന് ചാവക്കാട് തഹസിൽദാർ ടി.എസ്. കിഷോർ പറഞ്ഞു. പദ്ധതിക്കുള്ള സാമ്പത്തികച്ചെലവ് ദേശീയ പാത നിർമാണ കരാർ കമ്പനി നിർവഹിക്കും. ദേശീയപാത പ്രൊജക്റ്റ് ഓഫിസർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ചാവക്കാട് താലൂക്കിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ
ചാവക്കാട്: താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി തഹസിൽദാർ ടി.പി. കിഷോർ അറിയിച്ചു.15 ക്യാമ്പുകളിലായി 850 പേരാണ് കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് മുല്ലശ്ശേരി വില്ലേജിലാണ്. 203 പേരാണ് ഇവിടെ ഒരു ക്യാമ്പിൽ മാത്രമുള്ളത്. ഈ ക്യാമ്പ് കൂടാതെ നാല് ക്യാമ്പുകൾ കൂടി ഈ വില്ലേജിലുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പുകളും മുല്ലശേരി വില്ലേജിലാണ്. വടക്കേക്കാട് വില്ലേജിൽ 20 പേരും ഗുരുവായൂരിൽ നാല് പേരുമുണ്ട്. താലൂക്കിൽ ഏറ്റവും കുറവുള്ളത് ഗുരുവായൂരിലാണ്. ഗുരുവായൂർ തുടർ വിദ്യാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ താമസിച്ചിരുന്ന ചക്കുണ്ട വീട്ടിൽ കുമാരന്റെ മകൻ ചന്ദ്രൻ (52) മരിച്ചതായും തഹസിൽദാർ അറിയിച്ചു. വൃക്കരോഗിയായ ചന്ദ്രൻ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച ക്യാമ്പിൽ തന്നെ കൊണ്ടുവന്ന് അന്ത്യകർമങ്ങൾ ചെയ്ത ശേഷമായിരിക്കും സംസ്കരിക്കാൻ കൊണ്ടു പോകുക.
തങ്ങൾപ്പടിയിൽ വെള്ളക്കെട്ട് രൂക്ഷം
അണ്ടത്തോട്: തങ്ങൾപ്പടി മേഖലയിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം തേടി സർവ്വകക്ഷി സംഘം പുന്നയൂർക്കുളം ഗപഞ്ചായത്ത് പ്രസിഡന്റ് ജാസ്മീൻ ഷഹീറിന് നിവേദനം നൽകി. മേഖലയിൽ ആഴ്ചകളായി തുടരുന്ന വെള്ളക്കെട്ട് കാരണം നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. വെള്ളക്കെട്ട് മൂലം കക്കൂസ് ടാങ്കുകൾ നിറഞ്ഞൊഴുകിയും കൊതുകുകൾ പെരുകിയും ഏറെ പകർച്ച വ്യാധി രോഗ ഭീഷണിയിലാണ് നാട്ടുകാർ. മേഖലയിലെ പ്രധാന കൃഷിയായ രാമച്ച പാടത്തും വെള്ളക്കെട്ടും വെള്ളക്കെട്ടിനൊപ്പം പായലും നിറഞ്ഞ് കൃഷി നശിക്കുന്ന അവസ്ഥയാണ്. പഞ്ചായത്ത് അംഗം സജിത ജയന്റെ നേതൃത്വത്തിൽ ഹംസത്ത് ചോലയിൽ, ചന്ദ്രൻ തട്ടകത്ത്, അൻസാർ, ഷക്കീർ പൂളക്കൽ, ഫസലു അയിനിക്കൽ തുടങ്ങിയവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
ചൊവ്വന്നൂരില്‍ നൂറ് ഏക്കറിലധികം വിരിപ്പ് കൃഷി വെള്ളത്തിൽ
കുന്നംകുളം: ചൊവ്വന്നൂര്‍ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കൃഷിയിറക്കിയ നൂറ് ഏക്കറോളം സ്ഥലത്തെ വിരിപ്പ് കൃഷി വെള്ളത്തിൽ മുങ്ങി. 90 ദിവസത്തിലേറെ വളര്‍ച്ചയുള്ള നെല്‍ച്ചെടികളാണ് ഒരാഴ്ചയായി വെള്ളത്തില്‍ നില്‍ക്കുന്നത്. മുണ്ടകൻ കൃഷിയിലുണ്ടായ നഷ്ടം നികത്താനുള്ള പ്രതീക്ഷയിലായിരുന്നു വിരിപ്പുകൃഷിക്ക് ഒരുങ്ങിയത്. ചെമ്മന്തട്ട, പഴുന്നാന, പുതുശ്ശേരി പാടശേഖരങ്ങളിലാണ് കൃഷി നാശം സംഭവിച്ചത്.
കൃഷിഭവനില്‍നിന്ന് ലഭിച്ച വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി ഇറക്കിയിരുന്നത്. കതിരിടുന്ന സമയത്താണ് അപ്രതീക്ഷിതമായി വെള്ളം കയറിയത്. നെല്‍ച്ചെടികള്‍ പൂർണ്ണമായി വെള്ളത്തിനടിയിലായി. പാടശേഖരം ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതാണ് ഏക ആശ്വാസം. കൃഷിഭവനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. ചെമ്മന്തട്ടയിൽ 30 ഏക്കറിലും പഴുന്നാനയില്‍ 50 ഏക്കറോളം പാടത്തും പുതുശ്ശേരിയില്‍ 80 ഏക്കറിലും കൃഷിയിറക്കിയിരുന്നു. ഉമ, ജ്യോതി വിത്തിനങ്ങളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പാട്ടത്തിനെടുത്തവരും സ്വന്തമായി കൃഷി ചെയ്യുന്നവരുമുണ്ട്. എയ്യാല്‍ പാടത്ത് കടങ്ങോട് പഞ്ചായത്തില്‍പ്പെടുന്ന ചേറോലി പാടശേഖരത്തിലെയും വിരിപ്പ് കൃഷി വെള്ളത്തിലായി. 55 ഏക്കറില്‍ 31 കര്‍ഷകര്‍ ചേര്‍ന്ന് ഉമ നെല്‍വിത്താണ് ഇറക്കിയിരുന്നത്. ചെമ്മന്തട്ടയില്‍ ഇല്ലംനിറക്ക് കതിരൊരുക്കുന്ന ആലാട്ട് കുടുംബത്തിന്റെ പാടശേഖരവും വെള്ളത്തിനടിയിലായി.
വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാകും. പാടശേഖരങ്ങളിലെ തോടുകളിലുള്ള ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാനിടയാകുന്നതെന്ന് കര്‍ഷകര്‍ പരാതിയുണ്ട്. മഴവെള്ളത്തിനൊപ്പം വാഴാനി ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തിയതോടെ വലിയതോതിലാണ് ഈ മേഖലയില്‍ വെള്ളം കയറിയത്. പഴുന്നാന മുട്ടിക്കല്‍, കൊട്ടാവ്, കുറ്റിയില്‍ തോടുകളുടെ പുനരുദ്ധാരണം നടത്താത്തതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുന്നുണ്ട്. ഒട്ടേറെ തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പാടശേഖര സമിതി സെക്രട്ടറി വില്സന് പുലിക്കോട്ടില്‍ കുറ്റപ്പെടുത്തി.
കിണർ താഴ്ന്നു
വടക്കാഞ്ചേരി: കിണർ ഇടിഞ്ഞ് താഴുന്നത് ഭീതിപരത്തുന്നു. പാർളിക്കാട് 30ാം ഡിവിഷനിൽ കുന്നത്ത് ദിവാകരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. മതിൽ ഉൾപ്പെടെ താഴേക്ക് കിണറിനൊപ്പം ഇടിഞ്ഞു. സമീപത്തുള്ള രണ്ട് വീടുകൾക്ക് നടുവിലുള്ള കിണറാണ് നിമിഷ നേരം കൊണ്ട് താഴ്ന്നത്. പരിസര വാസികൾ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. പൊതുവേ ശക്തമായ മഴയിൽ മണ്ണിടിച്ചിലും മറ്റുമായി ആശങ്ക നിലനിൽക്കുമ്പോഴാണ് ഇന്നലെ രാവിലെ പൊടുന്നനെ കിണർ ഇടിഞ്ഞു ഉള്ളിലേക്ക് വലിഞ്ഞത്.
നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മുത്തശ്ശി ആൽമരം വീണു
എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ക്ഷേത്രക്കുളത്തിന് അടുത്തുള്ള ആൽമരം ക്ഷേത്രത്തിന്റെ പ്രധാന വഴിയിലേക്ക് കടപുഴകി വീണത്. ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് മരം വീണതിനാൽ അപകടം ഒഴിവായി. എരുമപ്പെട്ടി പൊലീസ് പട്രോളിങ് നടത്തിപ്പോയി മിനിറ്റുകൾക്ക് ശേഷമാണ് മരം വീണത്. വൈദ്യുതി കമ്പിയിലേക്ക് മരം വീണതിനാൽ രണ്ട് വൈദ്യുതി തൂണുകൾ ഒടിഞ്ഞ് വീണു. അഗ്നിരക്ഷാസേന എത്തി ആൽമരം മുറിച്ചുമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.