എടക്കഴിയൂരിൽനിന്ന് മുറിച്ചുകടത്തിയ ചന്ദനമരമെവിടെ? കേസെടുക്കാതെ പൊലീസ്
text_fields
ചാവക്കാട്: എടക്കഴിയൂർ ആശുപത്രി വളപ്പിൽ ചന്ദനമരം മുറിച്ചുകടത്തിയ മാഫിയക്ക് പൊലീസുമായി രഹസ്യ ബന്ധമുണ്ടെന്ന ആക്ഷേപം ശക്തമാവുന്നു. കഴിഞ്ഞ 25ന് രാവിലെയാണ് എടക്കഴിയൂർ ദേശീയപാതയോരത്തെ പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര വളപ്പിലെ ചന്ദന മരങ്ങളിലൊന്ന് യന്ത്രമുപയോഗിച്ച് മുറിച്ചുകടത്തിയത്. വിവരമറിയിച്ചതിനെ തുടർന്നെത്തിയ ചാവക്കാട് പൊലീസ് മുറിച്ചുകടത്തിയ മരം ചന്ദനമല്ലെന്ന നിലപാടിലായിരുന്നു. അക്കാര്യം അവർ ആശുപത്രിയിലെ ഉദ്യോഗസ്ഥരും നാട്ടുകാരും കേൾക്കെ വെളിപ്പെടുത്തിയതുമാണ്. അതിനു ശേഷം പിറ്റേന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.മുറിച്ചുകടത്തിയത് ചന്ദനമരമല്ലെന്ന പൊലീസ് നിലപാട് അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു. ചന്ദനമാണെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തു.
എന്നാൽ, 25ന് നടന്ന സംഭവം 10 ദിവസം കഴിഞ്ഞിട്ട് പോലും ചാവക്കാട് പൊലീസ് കേസെടുത്തിട്ടില്ല. ഈ രീതിയിൽ യന്ത്രം ഉപയോഗിച്ച് മരം മുറിച്ചുകടത്തിയത് വൻ സംഘമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. എടക്കഴിയൂർ മേഖലയിൽ നിരവധി സ്ഥാപനങ്ങളിലും വീടുകളിലും ദേശീയപാതയിലേക്ക് തിരിച്ചുവെച്ച സി.സി.ടി.വി കാമറകളുണ്ട്.മരം മുറിച്ചുകടത്തുന്ന വാഹന വിവരങ്ങൾ ഇത്തരം സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. സംഭവം സംബന്ധിച്ച് മൊഴിയെടുക്കാനെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറെ പലവട്ടം ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആശുപത്രിയിലെ രോഗികളുടെ തിരക്കിൽനിന്ന് വനിത ഡോക്ടറായ അവർ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും മൊഴിയെടുക്കൽ മാത്രം നടന്നിട്ടില്ല.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞാണ് അവരെ തിരിച്ചയച്ചിരുന്നത്. മോഷണക്കേസിൽ പൊലീസാണ് ആദ്യം കേസെടുക്കേണ്ടതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ചോദിച്ചപ്പോൾ ബന്ധപ്പെട്ട ലിസ്റ്റിൽ ചേർത്ത മരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അതു കഴിഞ്ഞാൽ കേസെടുക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥെൻറ വിശദീകരണം. സംഭവത്തിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേന്ദ്രൻ നിരവധി തവണ പൊലീസുമായി ബന്ധപ്പെട്ടിട്ടും ഒരു അനക്കവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.