മഴ, കാറ്റ്; കനത്ത നാശം
text_fieldsചാവക്കാട്: തീരമേഖലയിൽ വീണ്ടും മിന്നൽ ചുഴലി. നിരവധിയിടങ്ങളിൽ തെങ്ങുകളും മരങ്ങളും കടപുഴകി. വീടുകളുടെ ചുറ്റുമതിലുകളും കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ച സോളാർ പാനലും മേൽകൂരകളും തകർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് മേഖലയിൽ മിന്നൽ ചുഴലി ആഞ്ഞടിച്ചത്.
തെക്കൻ പാലയൂർ ചക്കംകണ്ടം പ്രദേശത്താണ് വ്യാപക നാശ നഷ്ടമുണ്ടായത്. ചക്കംകണ്ടത്ത് അച്ചംവീട്ടിൽ അബ്ദുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച സോളാർ പാനലും മേൽക്കൂരയും കാറ്റിൽ തകർന്നു. ഇവിടെയുള്ള ചുറ്റു മതിലിനും കേടുപറ്റി. മാളിയക്കൽ അഷ്ഫക്കിന്റെ വീടിനോട് ചേർന്നുള്ള മതിലും മാളിയക്കൽ ലത്തീഫ്, കെ.വി. ഷംസുദ്ദീൻ എന്നിവരുടെ ഉടമസ്തയിലുള്ള പറമ്പിലെ മരങ്ങളും തെങ്ങുകളും പ്രദേശത്തെ അഞ്ച് വൈദ്യുതിക്കാലുകളും ഒടിഞ്ഞു വീണു.
ചെറുതുരുത്തി: കനത്ത കാറ്റിനെ തുടർന്ന് മരം കടപുഴകി വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു വയസ്സ് പ്രായമുള്ള കുഞ്ഞടക്കം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശമംഗലം കൊണ്ടയൂർ ഉണ്ണിയാട്ടിൽപടി പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ രാധയുടെ വീടിനു മുകളിലേക്കാണ് മരം കടപുഴകിയത്. വീട് പൂർണമായും തകർന്നു. മരം കടപുഴകുന്ന ശബ്ദം കേട്ട് രാധയുടെ മരുമകൾ കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ് സ്ഥലത്തെത്തി.
പഴഞ്ഞി: പട്ടിത്തടം സെന്ററിൽ റോഡരികിലെ കൂറ്റൻ പൂമരം സമീപവാസികൾക്ക് ഭീഷണിയാകുന്നു. വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ മരത്തിന്റെ അടിഭാഗം ഇളകി സമീപ വിടിന് മുകളിലേക്ക് ചാഞ്ഞിരിക്കുകയാണ്. ചീരൻ വീട്ടിൽ സാമിന്റെ വീടിന് മുകളിലാണ് തട്ടി നിൽക്കുന്നത്. കാറ്റിൽ ഒരു വശത്തേക്ക് ചരിഞ്ഞ് സമീപവീടിന് മുകളിൽ തട്ടിയതോടെയുണ്ടായ ശബ്ദംകേട്ട് സമീപ കച്ചവടക്കാരൻ ആ വീട്ടിൽ കഴിഞ്ഞിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. മരം വിണാൽ മൂന്നു വീടുകൾ തകർന്ന് വൻ നാശം സംഭവിക്കും.
എരുമപ്പെട്ടി: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചു. ചിറ്റണ്ട തൃക്കണപതിയാരം മാതംകുഴിയിൽ അബ്ദുൽ കരീമിന്റെ വീടിന് മുകളിലേക്ക് തേക്ക് മരക്കൊമ്പ് പൊട്ടിവീണു. വീടിന്റെ പിറകിലെ ഷീറ്റ് മേഞ്ഞ ഭാഗം തകർന്നു.
വേലൂർ: തെക്കേ അങ്ങാടിയിലെ ഒലക്കേങ്കിൽ സേവിയുടെ വീടിനു മുകളിൽ മാവ് കടപുഴകി. പുരയിടത്തിലെ കവുങ്ങുകളും വാഴകളും ഒടിഞ്ഞു വീണു.
മാന്ദാമംഗലം: കൊളാംകുണ്ട്-പീച്ചി റോഡിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വൈദ്യുതി തടസ്സപ്പെട്ടു. 11 കെ.വി. ലൈനിന് മുകളിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഒരു വൈദ്യുതി തൂൺ ഒടിഞ്ഞു. ജീവനക്കാരെത്തി രാവിലെ പത്തോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഇതുവഴി വാഹന ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.
അമലനഗർ: അടാട്ട് ആമ്പലംകാവ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ആൽമരം കാറ്റിൽ കടപുഴകി വീണു. ഗതാഗതം തടസ്സപ്പെടുകയും 11 കെവിയുടെ മൂന്ന് വൈദ്യുതികാൽ തകരുകയും ചെയ്തു. മുതുവറ - അടാട്ട് ആമ്പലംകാവ് റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടത്. മരം റോഡിൽ നിന്ന് മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വൈദ്യുതി വിതരണം വൈകീട്ടും പുന:സ്ഥാപിക്കാനായില്ല.
മുറിക്കുന്നതിനിടെ
മരം കടപുഴകി
അന്തർ സംസ്ഥാന
തൊഴിലാളിക്ക് പരിക്ക്
കുന്നംകുളം: ചെറുവത്താനിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൂളമരം മുറിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.
ആസാം സ്വദേശി ദില്ജര് ഹുസൈനാണ് (24) പരിക്കേറ്റത്. വ്യാഴാഴ്ച് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. മുകളില്‍ കയറി മരം മുറിക്കുന്നതിനിടെ കാറ്റുവീശിയതോടെ മരം കടപുഴകുകയായിരുന്നു.
ഹുസൈനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.