മയക്കുമരുന്നടിച്ച് യുവാക്കളുടെ വിളയാട്ടം; ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി മർദിച്ചു
text_fieldsചാവക്കാട്: മയക്കുമരുന്ന് ലഹരിയിൽ നാട്ടുകാരെയും ബസ് കാത്തുനിന്ന പെൺകുട്ടികളെയും തെറിവിളിച്ച യുവാക്കൾ ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി ആക്രമിച്ചു. പരിക്കേറ്റ രണ്ടുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തടിച്ചുകൂടുന്നതിനിടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
അണ്ടത്തോട് സെന്ററിൽ വെള്ളിയാഴ്ച്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. അണ്ടത്തോട് വടക്കേപ്പുറത്ത് സിറാജ് (18), മുക്രിയകത്ത് ഇർഫാൻ (17) എന്നിവർക്കാണ് മർദ്ദനമേറ്റത്. അണ്ടത്തോട് ജുമാഅത്ത് പള്ളിയിൽ നിന്ന് ജുമുഅ കഴിഞ്ഞ് സെന്ററിലെത്തിയവരെയാണ് ദേശീയ പാത വടക്ക് ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം പറഞ്ഞത്. പിന്നീട് സമീപത്തെ ലാബിനുമുന്നിൽ നിന്ന പെൺകുട്ടികളെയും അസഭ്യം പറഞ്ഞു. ഈ സമയം ഇതുവഴി ബൈക്കിൽ പോയ സിറാജിനെയും ഇർഫാനെയും ബൈക്കിൽ പിന്തുടർന്ന് ജുമാമസ്ജിദിന് സമീപംവെച്ച് മർദിച്ചു. ഇരുവരും തങ്ങളെ പുറംതിരിഞ്ഞ് നോക്കിയെന്ന് പറഞ്ഞായിരുന്നു ആക്രമണം.
ഈ സമയത്ത് ഖബർസ്ഥാനിൽ പ്രാർത്ഥിക്കാൻ നിന്നവരാണ് ഓടിയെത്തി യുവാക്കളെ രക്ഷിച്ചത്. സംഭവം പന്തിയല്ലെന്ന് കണ്ട് അക്രമികളിൽ ഒരാൾ ഓടിയും മറ്റേയാൾ ബൈക്കിലും രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.