ചീരക്കുഴി ജലസേചന പദ്ധതിക്ക് വേണം, പുനരുജ്ജീവനം
text_fields2024ലെ പ്രളയത്തിൽ ഗായത്രിപുഴ കരകവിഞ്ഞ് ചീരക്കുഴി ഡാം മുക്കാൽ ഭാഗത്തോളം വെള്ളം മൂടിയ നിലയിൽ
പഴയന്നൂർ: തുടർച്ചയായ മൂന്ന് പ്രളയങ്ങൾ തകർത്ത ചീരക്കുഴി ജലസേചന പദ്ധതിക്ക് ശാശ്വത പുനരുജ്ജീവന മാർഗം വേണമെന്ന് കർഷകർ. 2018ലെ പ്രളയത്തിലാണ് ആദ്യതകർച്ച ചീരക്കുഴി നേരിട്ടത്. 2019ൽ ആവർത്തിച്ചു. ആദ്യപ്രളയത്തിൽ നന്നാക്കിയതെല്ലാം വീണ്ടും പഴയസ്ഥിതിയിലായി. പിന്നീട് 2024ലെ കനത്ത മഴയും ചീരക്കുഴി ജലസേചന പദ്ധതിക്ക് കനത്ത പ്രഹരമായി. ഓരോ പ്രളയത്തിലും ഡാമിന്റെ എട്ടു ഷട്ടറുകളിൽ മരങ്ങളും കൊമ്പുകളും അടിഞ്ഞാണ് കേടുപാട് സംഭവിച്ചത്. ഗായത്രിപ്പുഴ കരകവിഞ്ഞുള്ള വെള്ളപ്പാച്ചിലിൽ അപ്രോച്ച് റോഡും കനാലിന്റെ സംരക്ഷണഭിത്തിയും കൈവരികളും തകർന്നു. മൂന്ന് പ്രളയത്തിലും ചീരക്കുഴിയിൽ കോടികളുടെ നഷ്ടമാണുണ്ടായത്.
2018ൽ തകര്‍ന്ന എട്ടു ഷട്ടറുകള്‍ പുനസ്ഥാപിക്കാനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.53 കോടി രൂപയും ഈ പദ്ധതിയില്‍ തന്നെ കനാല്‍ നവീകരണത്തിന് 67.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കനാല്‍ നവീകരണത്തിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് 4.43 കോടിയും അനുവദിച്ചിരുന്നു. മണല്‍ച്ചാക്ക് നിറച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കാനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 90 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് ആ കാലഘട്ടത്തില്‍ അനുവദിച്ചിരുന്നു. എന്നാൽ മിക്കപ്പോഴും പണികൾ മന്ദഗതിയിലാണ് നടക്കുന്നത്.
2024ൽ രണ്ടുകോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. ഷട്ടറുകൾ നന്നാക്കിയെങ്കിലും അനുബന്ധ കനാൽ റോഡും റിസർവോയറിന്റെ ഇടതുവശത്തുള്ള കനാൽ നിയന്ത്രിക്കുന്ന സ്ലൂയിസിനും കനാലിനും ഡാമിനും ഇടയിൽ രൂപപ്പെട്ട വൻകുഴികളും അതേരീതിയിൽ തുടരുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തുടർച്ചയായി ചീരക്കുഴിക്ക് വിനയാകുന്നതെന്ന് ചെറുകര പാടശേഖരം സെക്രട്ടറി കെ.എസ്. സുകുമാരൻ ആരോപിക്കുന്നു. വേനൽക്കാലത്ത് യഥാസമയം ഷട്ടറുകൾ നന്നാക്കില്ല. അതിമഴ വരുമ്പോൾ തുറക്കാൻ ശ്രമിക്കുമ്പോൾ പറ്റാതെ വരുന്നു. സംഭരണ ശേഷി വൻതോതിൽ കുറഞ്ഞു. ഡാമിലെ ചെളിയും മണലും അടിഞ്ഞത് തുറന്നു വിട്ടിട്ട് 25 വർഷമായി. കൃത്യമായി മഴക്കാലത്ത് ഡാം ഷട്ടറുകൾ തുറന്നുവെക്കാത്തതും അതിമഴയിൽ വെള്ളം ഉയർന്ന് ഡാമിനെ മൂടുന്ന സ്ഥിതിയുണ്ടാക്കുന്നു. ഉദ്യോഗസ്ഥർക്ക് ഡാം തകരുന്നതിലാണ് താൽപര്യമെന്നും സുകുമാരൻ ആരോപിക്കുന്നു.
പ്രളയം വന്ന് ഡാം തകരുമ്പോൾ മന്ത്രിയും, എം.പിയും എം.എൽ.എയുമൊക്കെ വന്ന് വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ കർഷകരുടെ യഥാർഥ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നില്ലെന്ന് നീർണമുക്ക് പാടശേഖര സമിതി സെക്രട്ടറി പി.കെ. മോഹനൻ ആരോപിച്ചു. ചീരക്കുഴി ഡാമിന് ഇനിയൊരു തകർച്ചയുണ്ടാകാത്ത രീതിയിൽ സ്ലൂയിസ് കനാലിന്റെ ഭാഗങ്ങളും റോഡും നിർമിക്കണം. ഓരോ മഴയിലും തകരുന്ന നിർമാണ പ്രവൃത്തികൾ അവസാനിപ്പിക്കണം. പകരം ശാശ്വതമായി നിലനിൽക്കുന്ന രീതിയിൽ പുനർനിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1973 ലാണ് ഗായത്രിപ്പുഴക്ക് കുറുകെ തിരുവില്വാമല പഴയന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചീരക്കുഴി ഡാം ജലസേചന പദ്ധതി നിർമിച്ചത്. പഴയന്നൂർ, വടക്കേത്തറ, കൊണ്ടാഴി, മായന്നൂർ, തൊഴുപ്പാടം, പാഞ്ഞാൽ, പൈങ്കുളം, ചെറുതുരുത്തി, നെടുമ്പുര, ദേശമംഗലം, കൊടയൂർ വില്ലേജുകളിലെ 11 വില്ലേജുകളിലെ 1200 ഹെക്ടർ നെൽകൃഷിക്കുള്ള ഏക ജലസേചന സ്രോതസാണിത്. പ്രധാനമായും മുണ്ടകൻ വിളകളെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.