ഇനി ചേലക്കര പോര്...
text_fieldsതൃശൂർ: ഒടുവിൽ ചേലക്കരയിൽ കാത്തിരുന്ന ഉപതെരഞ്ഞെടുപ്പിന് ദിനം കുറിച്ചിരിക്കുന്നു. ആദ്യമായാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണികൾക്ക് തയാറെടുപ്പിന് വേണ്ടത്ര സമയംപോലും നൽകാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ കേവലം 28 ദിവസങ്ങൾ മാത്രം തെരഞ്ഞെടുപ്പിന് ശേഷിക്കുന്ന തരത്തിൽ തീയതി കുറിച്ചത്. എന്നാൽ, മൂന്ന് മുന്നണികളും അണിയറയിൽ ഏറെനാൾ മുമ്പുതന്നെ കണക്കുക്കൂട്ടലുകളും തന്ത്രങ്ങളും സ്ഥാനാർഥിചർച്ചകളും ഒക്കെ തുടങ്ങിയിരുന്നു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ മറിക്കാൻ സി.പി.എം ബി.ജെ.പി ധാരണയുണ്ടെന്ന, ഇടതുപക്ഷവുമായി ഇടഞ്ഞുനിൽക്കുന്ന നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തൽ കൂടി വന്നപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്ത് വീണ്ടും സജീവ ചർച്ചയായത്. പാലക്കാട് സി.പി.എം ബി.ജെ.പിക്ക് വേണ്ടി വോട്ടുകൾ മറിക്കുമെന്നും ചേലക്കരയിൽ പകരം ബി.ജെ.പി വോട്ടുകൾ സി.പി.എമ്മിന് നൽകാനും ഇരുപാർട്ടികളും ധാരണയായിട്ടുണ്ട് എന്നായിരുന്നു അൻവറിന്റെ പ്രസ്താവന. എന്നാൽ, ഇത് വലിയ ചലനങ്ങൾക്കോ ചർച്ചകൾക്കോ വഴിവെച്ചിരുന്നില്ല. അതേസമയം, വരും ദിവസങ്ങളിൽ വിഷയം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആയുധമാക്കും എന്ന് ഉറപ്പാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്ന് മത്സരിക്കാൻ മന്ത്രിയും ചേലക്കര എം.എൽ.എയുമായ സി.പി.എമ്മിലെ മുതിർന്ന നേതാവ് കെ. രാധാകൃഷ്ണനെ പാർട്ടി തെരഞ്ഞെടുത്തത് ചേലക്കരയിലെ പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളാൻ സമയം എടുത്തിരുന്നു. ‘രാധേട്ടൻ കേരളത്തിൽ മന്ത്രിയായി ഇവിടെത്തന്നെ നിൽക്കുന്നതാണ് തങ്ങൾക്കിഷ്ടം’ എന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയപ്പോഴും ചേലക്കാരായ പാർട്ടി അണികൾ പറഞ്ഞിരുന്നത്.
മറുനാട്ടുകാർക്ക് കെ. രാധാകൃഷ്ണൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ക്ലീൻ ഇമേജുള്ള പൊതുപ്രവർത്തകനുമാണ്. എന്നാൽ, ചേലക്കരക്കാർക്ക് അവരുടെ രാധേട്ടനാണ്. പഴയന്നൂർ, ചേലക്കര വഴിയുള്ള മനോഹരമായ റോഡ് രാധാകൃഷ്ണന്റെ വികസനനേട്ടമാണ്. പഴയന്നൂരിൽനിന്നു തിരുവില്വാമലയിലേക്കുള്ള റോഡും ഒന്നാന്തരം തന്നെ.
അഞ്ചുവർഷംകൊണ്ട് മണ്ഡലത്തിൽ ചെലവഴിച്ചത് 1734 കോടി 34 ലക്ഷത്തി 2633 രൂപയാണ്. അത് മണ്ഡലത്തിലെത്തുന്ന എല്ലാവർക്കും വായിക്കാനുതകുന്ന തരത്തിൽ ഇന്നും ചേലക്കരയിലെ തെരുവുകളിലുണ്ട്. കെ. രാധാകൃഷ്ണനെയും അദ്ദേഹത്തിലൂടെ മണ്ഡലത്തിന് ലഭിച്ച വികസനങ്ങളുടെയും കണക്കുചൂണ്ടിക്കാണിച്ചുകൊണ്ടാകും സി.പി.എം ഉപതെരഞ്ഞെടുപ്പിനെ നേരിടുക. അതിനായി മുൻ എം.എൽ.എ യു.ആർ പ്രദീപിനെ കളത്തിലിറക്കാനാണ് പാർട്ടി തീരുമാനം.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രദീപിനെ മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. നിലവിൽ പട്ടികജാതി-പട്ടിക വർഗ വികസന കോർപറേഷൻ ചെയർമാനാണ് യു.ആർ പ്രദീപ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷം നിലനിർത്തുന്നതിൽ സി.പി.എം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 39400 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സി.പി.എം ആ ഭൂരിപക്ഷം ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കേവലം 5,173 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ചേലക്കരയിൽ നേടിയത്. ഇത് മറികടന്ന് പഴയ ഭൂരിപക്ഷം നിലനിർത്താൻ സി.പി.എമ്മും ഇടതുമുന്നണിയും ഒരുപാട് വിയർപ്പൊഴുക്കേണ്ടിവരും. രമ്യ ഹരിദാസിന് മണ്ഡലത്തിൽ ലഭിച്ച വോട്ടിന്റെ കണക്കുകൾ ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പകരുന്ന ഘടകമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. രമ്യ ഹരിദാസിനെ തന്നെ കളത്തിലിറക്കാനാണ് കോൺഗ്രസ് തീരുമാനം. ആത്മാർഥമായി പരിശ്രമിച്ചാൽ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്തി വിജയിച്ചുകയറാം എന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും മണ്ഡലത്തിൽ സജീവമായി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പി മണ്ഡലത്തിൽ വലിയ പ്രതീക്ഷയൊന്നും മുന്നോട്ടുവെക്കുന്നില്ല. ആലത്തൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി ഡോ. ടി.എൻ സരസു തന്നെയായിരിക്കും ബി.ജെ.പിയുടെ ചേലക്കരയിലെ സ്ഥാനാർഥി എന്നാണ് അറിയുന്നത്.
വിജയത്തിന്റെ സമീപത്തൊന്നും ഇല്ലെങ്കിലും ഘട്ടംഘട്ടമായി വോട്ട് ശതമാനം ഉയർത്തിക്കൊണ്ടുവരുന്നതിൽ ബി.ജെ.പി വിജയിക്കുന്നുണ്ട്. പി.വി അൻവറിന്റെയടക്കം വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ എന്തുവില കൊടുത്തും ചേലക്കരയിൽ വിജയം ഉറപ്പാക്കുക എന്നത് സി.പി.എമ്മിന് അഭിമാനപ്രശ്നം കൂടിയാണ്. മാറിയ സംസ്ഥാന രാഷ്ട്രീയ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സി.പി.എം ധാരാളം വിയർപ്പൊഴുക്കേണ്ടിവരും.
ജില്ലയിൽ പെരുമാറ്റച്ചട്ടം നിലവില്‍വന്നു
തൃശൂർ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്നു. ജില്ലയിലെ ചേലക്കര അസംബ്ലി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച തീയതിയും വിജ്ഞാപനവും തെരഞ്ഞെടുപ്പ് കമീഷന് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മാതൃക പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമവും ജില്ലയില്‍ നിലവില്‍ വന്നിട്ടുള്ളതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.