ചേലക്കര ഉപതെരഞ്ഞെടുപ്പ്; കൂട്ടിയും കിഴിച്ചും മുന്നണികൾ
text_fieldsതൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിനു പിന്നാലെ വിജയ-പരാജയങ്ങളുടെ കണക്കെടുത്ത് മുന്നണികൾ. മൂന്നു മുന്നണികളും വിജയപ്രതീക്ഷയിലാണ്. സ്ത്രീവോട്ടർമാരാണ് ചേലക്കരയിൽ വോട്ടിങ്ങിൽ മുന്നിൽ. ഇവരിൽ പ്രതീക്ഷയർപ്പിച്ചാണ് മുന്നണികളുടെ കണക്കുകൂട്ടൽ. 2,13,103 വോട്ടര്മാരില് 1,55,077 പേര് വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്കുകൾ. ഇതിൽ 82,757 പേരും സ്ത്രീകളാണ്- 74.42 ശതമാനം. ഇവരിലാണ് മുന്നണികൾ വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നത്. പോളിങ് ശതമാനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ വർധനയുണ്ട്.
വോട്ടെടുപ്പ് ചിത്രം എൽ.ഡി.എഫിന് അനുകൂലമാണെന്നാണ് സ്ഥാനാർഥി യു.ആർ. പ്രദീപ് പ്രതികരിച്ചത്. തന്നെ ഇഷ്ടപ്പെടുന്നവർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും മികച്ച മാർജിനിൽ യു.ആർ. പ്രദീപ് വിജയിക്കുമെന്നും കെ. രാധാകൃഷ്ണൻ എം.പിയും പ്രതികരിച്ചു. കെ. രാധാകൃഷ്ണൻ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 10,000ത്തിന് മേൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. എം.എൽ.എയായിരുന്ന കാലത്ത് യു.ആർ. പ്രദീപ് ചെയ്ത വികസനപ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ സൗമ്യസ്വഭാവവും അനുകൂലമാണെന്നും പാർട്ടി വിലയിരുത്തുന്നു. ഭരണവിരുദ്ധ വികാരം കാര്യമായി ചേലക്കരയിൽ ഏശില്ലെന്നും ഇവർ കണക്കുകൂട്ടുന്നു.
ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഞെട്ടിച്ചതു മുതൽ പ്രചാരണത്തിലടക്കം മേൽക്കൈ നേടി വളരെയേറെ മുന്നേറാൻ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് സാധിച്ചിരുന്നു.
മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്നും ജനം യു.ഡി.എഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസത്തെയും പര്യടനത്തിൽനിന്ന് ലഭിച്ച പ്രതികരണമെന്നും രമ്യ ഹരിദാസ് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങൾ ഇവിടെ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു. ചേലക്കരയിലെ ജനങ്ങൾക്കും മാറ്റം വേണമെന്ന ആഗ്രഹമാണ്. അടുത്ത ദിവസം മുതൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും രമ്യ പറഞ്ഞു.
വളരെ ചിട്ടയായ പ്രചാരണങ്ങളാണ് കോൺഗ്രസ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും രമ്യ ഹരിദാസ് വിജയിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പുകൾ ഉറപ്പുപറയുന്നു.
വർധിച്ച സ്ത്രീവോട്ടർമാരുടെ സാന്നിധ്യം ഏക വനിത മത്സരാർഥിയായ രമ്യക്ക് ഗുണംചെയ്യും എന്നതാണ് അവരുടെ കണക്കുകൂട്ടൽ.
എൻ.ഡി.എ ക്യാമ്പുകളും വിജയപ്രതീക്ഷ കൈവിടുന്നില്ല. ഇത്തവണ ചേലക്കരയിൽ ബി.ജെ.പി വിജയിക്കുമെന്ന് സ്ഥാനാർഥി കെ. ബാലകൃഷ്ണൻ പറഞ്ഞു. ചേലക്കര മണ്ഡലത്തിലെ വികസന പോരായ്മകളെക്കുറിച്ച് വോട്ടർമാർക്കിടയിൽ പ്രചാരണം നടത്താൻ ബി.ജെ.പിക്കായി. അത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്നും ബാലകൃഷ്ണൻ പറഞ്ഞു.
കന്നിയങ്കത്തിനിറങ്ങിയ പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെയും വലിയ പ്രതീക്ഷയിലാണ്. സ്ഥാനാർഥി സുധീർ 20,000ത്തിലധികം വോട്ടുകൾ നേടുമെന്നാണ് അൻവറിന്റെ അവകാശവാദം.
മുൻ കോൺഗ്രസ് നേതാവുകൂടിയായ സുധീർ 2000ത്തിനും 5000ത്തിനും ഇടയിൽ വോട്ടുകൾ പിടിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതു വിലയിരുത്തൽ. യഥാർഥ ചിത്രം തെളിയാൻ ഇനിയും ഒമ്പതു നാൾ കാത്തിരിക്കുകയല്ലാതെ നിർവാഹമില്ല. 23നാണ് വോട്ടെണ്ണൽ.
പഞ്ചായത്തുകളിലെ വോട്ടുനില
തൃശൂർ: ഒമ്പതു പഞ്ചായത്തുകളാണ് ചേലക്കര നിയോജക മണ്ഡലത്തിലുള്ളത്. വാശിയേറിയ പോരാട്ടങ്ങളാണ് ഈ മണ്ഡലങ്ങളിൽ മുന്നണികൾ കാഴ്ചവെച്ചത്. ദീർഘനേരം വരിനിന്നാണ് പലരും സമ്മതിദാനം നിറവേറ്റിയത്.
പാഞ്ഞാൾ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ വോട്ട് രേഖപ്പെടുത്തിയത്. 75.06 ശതമാനം വോട്ടർമാർ ഇവിടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. തിരുവില്വാമല ഗ്രാമപഞ്ചായത്താണ് വോട്ടെടുപ്പിൽ പിന്നിൽ -70.95 ശതമാനം. വോട്ട് ശതമാനം കുറഞ്ഞത് മുന്നണികളിൽ ചെറിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.