പുസ്തകങ്ങളുമായി ചേലക്കരയിൽ അക്ഷര വാഹിനിയുടെ യാത്ര
text_fieldsചേലക്കര: ഏതൊരു വ്യക്തിയും നേടുന്ന വായനയും വിദ്യാഭ്യാസവും സാമൂഹ്യനന്മക്ക് കൂടി ഉതകുന്ന വിധത്തിൽ ഉപയോഗിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ചേലക്കര നിയോജക മണ്ഡലത്തിൽ പ്രത്യേക വികസന ഫണ്ട് വഴി നടപ്പാക്കുന്ന അക്ഷരവാഹിനി പദ്ധതിയുടെ ഉദ്ഘാടനം തിരുവില്വാമല വി. കെ.എൻ. സ്മാരകത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ഒട്ടാകെ വായന വാരം ആചരിക്കുമ്പോൾ ചേലക്കരയിൽ അക്ഷരവാഹിനി വഴി കുട്ടികൾക്കും പൊതുജനങ്ങൾക്കും നൂറോളം പുസ്തകങ്ങൾ സമ്മാനിക്കുകയാണ്. പാമ്പാടി ജി.എച്ച്.എസ്.എസ്, വി.കെ.എൻ. സ്മാരക വായനാശാല, ഹിൽ സ്റ്റേഷൻ വായനശാല എന്നിവക്ക് ഗ്രന്ഥങ്ങളുടെ കെട്ട് മന്ത്രി കൈമാറി. മണ്ഡലത്തിലെ വായന ശാലകളിലും ഒമ്പത് ഹയർ സെക്കൻഡറി സ്കൂളുകളിലും എത്തി പുസ്തകങ്ങൾ നൽകി വൈകിട്ട് തിച്ചൂർ വായനശാലയിൽ സമാപിച്ചു.
തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. പത്മജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അഷറഫ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീജയൻ, ബ്ലോക്ക് അംഗം സിന്ധു സതീഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയൻ, വാർഡ് മെംബർ കെ.പി. ഉമാശങ്കർ ലൈബ്രറി കൗൺസിൽ ജില്ല ജോയന്റ് സെക്രട്ടറി ബി. മുരളി തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.കെ. ജയപ്രകാശ് സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.