ചേലക്കര ‘സ്വഭാവം’ മാറ്റുമോ?
text_fieldsചേലക്കര: 1996 മുതൽ ഒരു തെരഞ്ഞെടുപ്പിലും കാലിടറാത്ത കെ. രാധാകൃഷ്ണനെന്ന സൗമ്യനായ കരുത്തനെ സംസ്ഥാന മന്ത്രിസഭാംഗമായിരിക്കെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കി പി.കെ. ബിജുവിലൂടെ നഷ്ടപ്പെട്ട ആലത്തൂർ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഇത്തവണ എൽ.ഡി.എഫ്. ചുട്ടുപൊള്ളുന്ന വേനൽ വകവെക്കാതെ പ്രചാരണ ചൂടിലാണ് സ്ഥാനാർഥികൾ.
കെ. രാധാകൃഷ്ണനും സിറ്റിങ് എം.പി കോൺഗ്രസിലെ രമ്യ ഹരിദാസും കളം നിറഞ്ഞ് പ്രചാരണത്തിലാണ്. വൈകി എത്തിയ എൻ.ഡിഎ സ്ഥാനാർഥി ടി.എൻ. സരസു വോട്ടുശതമാനം കൂട്ടാനായി പ്രചാരണ രംഗത്തുണ്ട്.
1996ൽ കെ. രാധാകൃഷ്ണൻ ചുവപ്പുകോട്ട ആക്കിയത് മുതൽ സി.പി.എമ്മിന്റെ ഉറച്ച നിയമസഭ മണ്ഡലമാണ് ചേലക്കര. എന്നാൽ ഇതിന് അപവാദമായി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് ചേലക്കര നിയമസഭ മണ്ഡലത്തിൽ 23,695 വോട്ടിന് മുന്നിട്ട് നിന്നത് സി.പി.എമ്മിന് പ്രഹരമായി.
തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പക്ഷെ ചേലക്കരയുടെ മനസ്സിന് ഈ ഇളക്കമുണ്ടായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തവണ രാധാകൃഷ്ണനെതന്നെ സ്ഥാനാർഥിയാക്കിയത്.
1965ലാണ് ചേലക്കര നിയമസഭ മണ്ഡലം നിലവിൽ വന്നത്. കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനാണ് അന്ന് ജയിച്ചത്. ‘67ൽ സി.പി.എമ്മിലെ പി. കുഞ്ഞൻ കെ.കെ. ബാലകൃഷ്ണനെ പരാജയപ്പെടുത്തി. എന്നാൽ, പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും മണ്ഡലം കോൺഗ്രസിനൊപ്പമായിരുന്നു.
‘82ൽ സി.കെ. ചക്രപാണി മണ്ഡലത്തെ വീണ്ടും ഇടത് പാളയത്തിലെത്തിച്ചു. എന്നാൽ ‘87ൽ ഡോ. എം.എ. കുട്ടപ്പനും ‘91ൽ എം.പി. താമിയും വീണ്ടും കോൺഗ്രസിന് വേണ്ടി ചേലക്കര പിടിച്ചെടുത്തു. തുടർന്നങ്ങോട്ട് കെ. രാധാകൃഷ്ണന്റെ ജൈത്രയാത്രയായിരുന്നു. രാധാകൃഷ്ണൻ മത്സരിക്കാതിരുന്ന ഒരു ഘട്ടത്തിൽ യു.ആർ. പ്രദീപും സി.പി.എമ്മിന് വേണ്ടി മണ്ഡലം സംരക്ഷിച്ചു.
ഇടവേളക്ക് ശേഷം കഴിഞ്ഞ തവണ നിയമസഭയിലേക്ക് ചേലക്കരയിൽനിന്ന് മത്സരിച്ച രാധാകൃഷ്ൻ നേടിയത് 83,415 വോട്ടാണ്. കോൺഗ്രസിലെ സി.സി. ശ്രീകുമാർ 44,015 വോട്ടാണ് നേടിയത്, ബി.ജെ.പിയിലെ ഷാജുമോൻ വട്ടേക്കാട് 24,045 വോട്ടും.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. ബിജുവിനെതിരെ 1,58,968 വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷമാണ് രമ്യ ഹരിദാസ് നേടിയത്. രമ്യ ഹരിദാസ് 533,815 വോട്ട് നേടിയപ്പോൾ ബിജുവിന് 3,74,847 വോട്ടും ബി.ഡി.ജെ.എസിന്റെ ടി.വി. ബാബു 89,837 വോട്ടുമാണ് നേടിയത്. ചേലക്കര നിയമസഭ മണ്ഡലത്തിൽ രമ്യ ഹരിദാസിന് 76,034 വോട്ട് കിട്ടിയിരുന്നു. ബിജുവിന് ലഭിച്ചത് 52,339 വോട്ട് മാത്രമാണ് നേടാനായത്.
ലോക്സഭയിലേക്കുള്ള മൂന്നാം ഊഴത്തിനുള്ള ശ്രമത്തിലാണ് ബിജു അടിയറവ് പറഞ്ഞത്. ബിജുവിനെ നിരസിച്ച ആലത്തൂർ രാധാകൃഷ്ണനെ തുണക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ രമ്യ ഹരിദാസ് നേടിയ വൻ ഭൂരിപക്ഷത്തിന്റെ ആത്മ വിശ്വാസമാണ് യു.ഡി.എഫിന് കൈമുതൽ.
യു.ഡി.എഫ് ഭരിക്കുന്ന പഴയന്നൂർ, തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരിക്കുന്ന ചേലക്കര, ദേശമംഗലം, മുള്ളൂർക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, വരവൂർ പഞ്ചായത്തുകളും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തും ഉൾപ്പെട്ടതാണ് ചേലക്കര നിയമസഭ മണ്ഡലം. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. രാധാകൃഷ്ണൻ വിമുഖത അറിയിച്ചെന്നും പാർട്ടി നിർബന്ധിച്ചെന്നുമാണ് വർത്തമാനം.
രാധാകൃഷ്ണൻ മണ്ഡലം പിടിച്ചെടുത്താൽ സംസ്ഥാന മന്ത്രിസഭയിലെ ചേലക്കരയുടെ പ്രതിനിധി ലോക്സഭയിലേക്ക് പോകും. മറിച്ച് യു.ഡി.എഫ് വിജയം ആവർത്തിച്ചാൽ അത് വ്യക്തിപരമായി രാധാകൃഷ്ണനും ക്ഷീണമാണ്. ബിജുവിനെക്കാൾ മണ്ഡലത്തിന്റെ മനസറിയുന്ന രാധാകൃഷ്ണൻ മത്സരിക്കുമ്പോൾ ചേലക്കര കൂടെ നിൽക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.