തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ മുന്നിലോടി ചേർക്കര
text_fieldsതളിക്കുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികൾ സ്ഥാനാർഥി ചർച്ച തുടങ്ങാനിരിെക്ക നാട്ടിക പഞ്ചായത്തിലെ ചേർക്കരയിൽ സ്ഥാനാർഥികളെ രംഗത്തിറക്കി മുന്നണികൾ ആവേശത്തിൽ. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളാണ് രണ്ടാഴ്ച മുമ്പേ പ്രവർത്തന രംഗത്തിറങ്ങിയത്.
ദീർഘകാലം എൽ.ഡി.എഫ് ഭരിച്ചിരുന്ന ആറാം വാർഡിൽ കഴിഞ്ഞ തവണ അട്ടിമറിയിലൂടെയാണ് യു.ഡി.എഫ് വിജയം കൈവരിച്ചത്. കോൺഗ്രസിലെ സുകുമാരനാണ് വിജയിച്ചത്. കൈവിട്ട വാർഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ ബ്ലോക്ക് അംഗം സി.പി.എമ്മിലെ രജനി ബാബുവിനെയാണ് എൽ.ഡി.എഫ് ഗോദയിൽ ഇറക്കുന്നത്.
വനിത സംവരണ വാർഡിൽ സി.പി.എം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കളത്തിലിറങ്ങാൻ പാർട്ടി ഇവർക്ക് നിർദേശം നൽകുകയായിരുന്നു. മുൻ സി.പി.എം പ്രവർത്തക റീന പത്മനാഭനാണ് യു.ഡി.എഫ് സ്ഥാനാർഥി. റീനയുടെ മരുമകൾ ടിൻറു ഷൈബുവാണ് എൻ.ഡി.എ സ്ഥാനാർഥി.
കലാഞ്ഞി പാലം മുതൽ പുത്തൻതോട് വരെ റോഡിലും വൈദ്യുതി തൂണിലും പാലത്തിലും കൊടിതോരണങ്ങളും ചിഹ്നങ്ങളും നിറഞ്ഞുകഴിഞ്ഞു. മൂന്ന് മുന്നണികളും ബ്ലോക്ക് ഓഫിസിന് സമീപം 30 മീറ്റർ ചുറ്റളവിലാണ് തെരഞ്ഞെടുപ്പ് ഓഫിസ് ഒരുക്കിയത്. മൂന്ന് ഓഫിസുകൾക്ക് മുന്നിലും കൊടിതോരണങ്ങളും ബോർഡും നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.