ഇനി മൂക്ക് പൊത്തേണ്ട; പൂത്തറക്കൽ പാതയോരത്ത് പൂമണം
text_fieldsചേർപ്പ്: പാറളം പഞ്ചായത്തിലെ പൂത്തറക്കൽ പാതയോരത്തെ മാലിന്യക്കൂമ്പാരം വഴിമാറി; വിവിധ വർണങ്ങളിൽ പൂത്തുവിടർന്ന ചെണ്ടുമല്ലി ഒരുക്കിയ സുന്ദരക്കാഴ്ച കാണാം ഇനി ഇവിടെ. ‘ക്ലീൻ പാറളം’ പദ്ധതിയുടെ ഭാഗമായാണ് ചെണ്ടുമല്ലി, വാടാർമല്ലി എന്നിവ നട്ട് പരിപാലിച്ചത്. വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ 1000 ചെണ്ടുമല്ലി ചെടികളാണ് റോഡിനിരുവശത്തും പൂവിട്ട് നിൽക്കുന്നത്.
മാസങ്ങൾക്കുമുമ്പ് വരെ ഇവിടെ പലരും മാലിന്യം വലിച്ചെറിയുന്ന ഇടമായിരുന്നു. മുന്നറിയിപ്പ് ബോർഡ് വച്ചിട്ടും മാലിന്യം തള്ളൽ അവസാനിച്ചില്ല. തുടർന്നാണ് പാതയോരം വൃത്തിയാക്കി ചെണ്ടുമല്ലി ചെടി നട്ടതെന്ന് തൊഴിലുറപ്പ് തൊഴിലാളിയായ യശോദ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം പ്രദേശവാസികളും ചെടി സംരക്ഷണത്തിന് രംഗത്തിറങ്ങി. ഇതോടെ മാലിന്യം തള്ളൽ അവസാനിച്ചു. ഇപ്പോൾ ഇതുവഴി പോകുന്നവർക്ക് മൂക്ക് പൊത്തണ്ട. പൂക്കളുടെ മണം ആസ്വദിച്ച് കടന്നുപോകാം. ഈ വഴി വാഹനത്തിൽ കടന്നുപോകുന്ന പലരും ഇപ്പോൾ ഇവിടെയൊന്ന് ഇറങ്ങും. ‘പാതയോര ഉദ്യാന’ത്തിന്റെ ഫോട്ടോയും സെൽഫിയും മറ്റും എടുത്താണ് യാത്ര തുടരുന്നത്.
പൂക്കളുടെ വിളവെടുപ്പ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു. ചെണ്ടുമല്ലി സംരക്ഷണത്തിന് നേതൃത്വം നൽകിയ നന്ദനം കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റ് സൗമ്യ ഹരിഹരനെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജെയിംസ് പി. പോൾ, കെ. പ്രമോദ്, വിദ്യ നന്ദനൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത മണി, വാർഡ് അംഗങ്ങളായ ജൂബി മാത്യു, പി.കെ. ലിജീവ്, മിനി വിനയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.