ആറാട്ടുപുഴ പൂരത്തിന്റെ ചമയങ്ങള്‍ ഒരുങ്ങി; സമര്‍പ്പണം 27ന്
text_fieldsചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ശാസ്താവിന്റെ എഴുന്നള്ളിപ്പുകള്‍ക്ക് ചമയങ്ങള്‍ തയാറായിക്കഴിഞ്ഞു. വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതുതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമാണവും പൂർത്തിയായി.
തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കൈപ്പന്തത്തിനുവേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റുദ്രവ്യങ്ങൾ എന്നിവ പുഷ്പദീപങ്ങളാല്‍ അലംകൃതമായ ശാസ്താവിന്റെ തിരുനടയിൽ ഈ മാസം 27ന് വൈകീട്ട് അഞ്ച് മുതല്‍ സമര്‍പ്പിച്ചുതുടങ്ങും. കുടയുടെ ഒറ്റല് പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമിച്ചത്.
സ്വര്‍ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം കുടയുടെ മകുടങ്ങള്‍ എന്നിവ മിനുക്കുന്നത് പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനുമാണ്. വിവിധ തരം വിളക്കുകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍ എന്നിവയുടെ പോളീഷിങ്ങിൽ ഇരിങ്ങാലക്കുട ബെല്‍വിക്സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ എരവിമംഗലം രാധാകൃഷ്ണനാണ് ഒരുക്കിയത്.
ഭരണിക്കാവിൽ ലക്ഷങ്ങളെ അന്നമൂട്ടും
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എത്തുന്ന ലക്ഷങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ ഒരുക്കം തകൃതി. കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനം ബുധനാഴ്ച ആരംഭിക്കും. പാളപ്പാത്രത്തിലാണ് ഭക്ഷണം നൽകുക.
വിവിധ ഹൈന്ദവ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന അന്നദാന മഹായജ്ഞത്തിന്റെ കലവറ നിറക്കൽ കൊടുങ്ങല്ലൂർ താലൂക്കിലെ നൂറോളം കേന്ദ്രങ്ങളിൽ നടന്നു. മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ, പി. ശശീന്ദർ, ടി. സുന്ദരേശൻ, അഡ്വ. എം. ത്രിവിക്രമൻ അടികൾ, പത്മ വിവേകാനന്ദൻ, ലക്ഷ്മിക്കുട്ടി സദാശിവൻ എന്നിവർ സംബന്ധിച്ചു. ബുധനാഴ്ച രാവിലെ 9.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ ഉദ്ഘാടനം നിർവഹിക്കും.
മൊബൈൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു
കൊടുങ്ങല്ലൂർ: ഭരണിയോടനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് കൊടുങ്ങല്ലൂർ നഗരസഭ മൊബൈൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു. തെക്കേനടയിലെ പഴയ നഗരസഭ ഓഫിസ് അങ്കണത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. നേരേത്ത ക്ഷേത്രപരിസരത്ത് 42 ലക്ഷം രൂപ ചെലവിൽ നഗരസഭ 22 ആധുനിക ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നു.
ക്ഷേത്രവളപ്പിലെയും പരിസരങ്ങളിലെയും മാലിന്യം അതാത് സമയത്തുതന്നെ സംസ്കരിക്കാനും ശുചിത്വം ഉറപ്പുവരുത്താനും ആരോഗ്യ വിഭാഗം ജീവനക്കാരെ സജ്ജമാക്കിയതായി നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ എൽസി പോൾ എന്നിവർ അറിയിച്ചു.
മദ്യനിരോധനം ഏർപ്പെടുത്തി
കൊടുങ്ങല്ലൂർ: ഭരണിയാഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10 മുതൽ ശനിയാഴ്ച രാത്രി 12 വരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യവും മറ്റു ലഹരിവസ്തുക്കളും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ജില്ല കലക്ടർ ഹരിത വി. കുമാർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.