ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങൾ ഒരുങ്ങി
text_fieldsചേർപ്പ്: ആറാട്ടുപുഴ പൂരത്തിനുള്ള കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തങ്ങളും 18 ആറുനാഴി പന്തങ്ങളുമാണ് ആദ്യഘട്ടത്തിൽ മുല്ലമൊട്ടിന്റെ ആകൃതിയിൽ ചുറ്റി തയാറാക്കിയത്. ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തില്‍ കുട്ടന്, ശശി, കുട്ടപ്പൻ എന്നിവരാണ് ആറാട്ടുപുഴ പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍ തയാറാക്കുന്നത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും.
ഓരോ എഴുന്നള്ളിപ്പ് കഴിയുമ്പോഴും പന്തങ്ങൾ വൃത്തിയാക്കി വീണ്ടും ചുറ്റി തയാറാക്കും. ശാസ്താവ് എഴുന്നള്ളുമ്പോൾ തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും ആറുനാഴി പന്തങ്ങളുമാണ് പിടിക്കുക. മനോഹരമായി പന്തങ്ങള്‍ ചുറ്റാനായി ഒരു നാഴിക്ക് അരകിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍നിന്ന് കൊണ്ടു വന്ന 200 കിലോ തുണി മന്ദാരകടവിൽ വെച്ച് പുഴുങ്ങി അലക്കി ഉണക്കിവെച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ വൃശ്ചിക മാസത്തിൽ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെക്കാറുണ്ടായിരുന്നു.
ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്. ഒരു ആറുനാഴി പന്തം മൂന്ന് മണിക്കൂർ കത്തണമെങ്കിൽ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. എഴുന്നള്ളിപ്പ് സമയത്ത് 20 മിനിറ്റ് കൂടുമ്പോൾ പന്തം വെളിച്ചെണ്ണയിൽ നനച്ചു കൊണ്ടിരിക്കും. വൈദ്യുതി സാർവ്വത്രികമാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തിയിരുന്നത്. കോലവും തിടമ്പും ആനച്ചമയങ്ങളും മറ്റും കൂടുതൽ ശോഭയോടെയും തിളക്കത്തോടെയും ദർശിക്കാൻ വേണ്ടിയാണ് പന്തങ്ങൾ വെളിച്ചെണ്ണയിൽ കത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.