വെറ്ററിനറി ആശുപത്രിയിൽനിന്ന് ചാടിപ്പോയ തെരുവുനായ്ക്കളെ പിടികൂടി
text_fieldsചേർപ്പ്: വെറ്ററിനറി ആശുപത്രിയിലെ ഇരുമ്പുകൂട്ടിൽനിന്ന് കഴിഞ്ഞദിവസം ചാടിപ്പോയ രണ്ട് നായ്ക്കളെ പിടികൂടി. ചേർപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തളിക്കുളം അനിമൽ വെൽഫെയർ കെയർ സൊസൈറ്റി അംഗങ്ങളാണ് നായ്ക്കളെ ചേർപ്പ് ചന്ത, മൃഗാശുപത്രി പരിസരങ്ങളിൽനിന്ന് പിടികൂടി കൂട്ടിലടച്ചത്. കഴിഞ്ഞദിവസം ചേർപ്പിൽ സ്കൂൾ വിദ്യാർഥിയെ നായ് ആക്രമിച്ച് പരിക്കേൽപിച്ചതിനെ തുടർന്നാണ് മൂന്ന് നായ്ക്കളെ പേവിഷബാധ ഉണ്ടെന്ന സംശയത്താൽ നിരീക്ഷണത്തിനായി പിടികൂടിയത്. ഇതിൽ ഒരെണ്ണം ചത്തിരുന്നു. തുടർന്ന് മണ്ണുത്തി വെറ്ററിനറി കോളജ് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, അംഗങ്ങളായ ഇ.വി. ഉണ്ണികൃഷ്ണൻ, ജോസ് ചാക്കേരി, സിനി പ്രദീപ് എന്നിവരും നായ്ക്കളെ പിടികൂടാൻ സ്ഥലത്തെത്തിയിരുന്നു.
'തെരുവുനായ് ശല്യം പരിഹരിക്കണം'
ചേർപ്പ്: ഗ്രാമപഞ്ചായത്തിൽ തെരുവുനായ് ശല്യം കാൽനടക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ എ.ഐ.എസ്.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.പി.ഐ ചേർപ്പ് ലോക്കൽ സെക്രട്ടറി എൻ.ജി. അനിൽനാഥ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് ഷംനാസ്, എ.ഐ.എസ്.എഫ് ചേർപ്പ് ലോക്കൽ സെക്രട്ടറി ശ്രീരാഗ്, പ്രസിഡന്റ് നിഷാദ്, മേഖല കമ്മിറ്റി അംഗങ്ങളായ സൂരജ്, നസീബ്, സാബിർ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ പരാമർശത്തിൽ പ്രതിഷേധം
തൃശൂർ: വിദ്യാർഥിയെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകർ നടത്തിയ സമരത്തിൽ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ പട്ടിയോട് ഉപമിച്ചതിനെതിരെ ചേർപ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചേർപ്പ് മണ്ഡലം പ്രസിഡന്‍റ് ജോൺ ആൻറണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ. അശോകൻ, അഡ്വ. സുനിൽ ലാലൂർ, കെ.ആർ. സിദ്ധാർഥൻ, സി.കെ. ഭരതൻ, സി.കെ. വിനോദ്, ബാലു കനാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.