പാതയോരങ്ങളിൽ ക്രിസ്മസ് പുൽക്കൂടൊരുക്കി തമിഴ് സംഘം
text_fieldsചേർപ്പ്: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പാലക്കലിൽ മനോഹരമായ ക്രിസ്മസ് പുൽക്കൂടുകളൊരുക്കി തമിഴ് സംഘങ്ങൾ. പാലക്കൽ കണിമംഗലം പാടം റോഡരികിലുള്ള മുള വിൽപനശാലകളിൽനിന്ന് വാങ്ങുന്ന മുള ചെറുതായി ചീന്തിയെടുത്ത് മുള്ളാണി ഉപയോഗിച്ചാണ് പുൽക്കൂടിന്റെ പുറംചട്ടകൾ ഉണ്ടാക്കുന്നത്. വൈക്കോലും മുള അലകുകളും ഉപയോഗിച്ചാണ് മേൽക്കൂര നിർമാണം.
ക്രിസ്മസ് അടുത്തെത്തിയതോടെ ആവശ്യക്കാർ ഏറാനുള്ള സാധ്യത പ്രതീക്ഷിച്ച് പുൽക്കൂടിന്റെ കൂടുതൽ പുറംചട്ടകൾ തയാറാക്കുന്ന തിരക്കിലാണ് കോയമ്പത്തൂർ സ്വദേശികളായ രാജുവും കൃഷ്ണനും അടങ്ങുന്ന സംഘം. ഇവർ 18 വർഷമായി പാലക്കലിലെത്തി പുൽക്കൂട് നിർമിക്കുന്നുണ്ട്. കോവിഡ് കാരണം ഒരു വർഷം മാത്രമാണ് വരാതിരുന്നത്.
കഴിഞ്ഞ വർഷത്തെക്കാൾ വിൽപന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ. 120 രൂപ മുതലാണ് വില. വലിപ്പത്തിനനുസരിച്ച് വില കൂടും. നവംബർ ആദ്യ ആഴ്ച എത്തി ഇവിടെ താമസിച്ച് പുൽക്കൂടുകളും നക്ഷത്രങ്ങളും ഉണ്ടാക്കി വിൽക്കുന്ന ഇവർ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.