ചേർപ്പിൽ വെള്ളക്കരം അടക്കാൻ എത്തുന്നവർ വെള്ളം കുടിക്കും
text_fieldsചേർപ്പ്: വാട്ടർ അതോറിറ്റി ഓഫിസിൽ വെള്ളക്കരം അടക്കാൻ വരുന്നവർ ദുരിതത്തിൽ. ഓഫിസ് പ്രവർത്തിക്കുന്നത് ചേർപ്പ് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലായതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വയോധികർ അടക്കമുള്ള ഉപഭോക്താക്കൾ കഷ്ടപ്പെടുകയാണ്.
രണ്ടാം നിലയിലെ ഓഫിസിലെത്താൻ ലിഫ്റ്റോ മറ്റു സംവിധാനങ്ങളോ ഇല്ല. വാട്ടർ കണക്ഷൻ എടുത്ത ഉടമ നേരിട്ട് വന്ന് പണമടക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉടമ നേരിട്ടെത്തണമെന്ന നിയമം മാറ്റി വീട്ടിലുള്ള ഏതെങ്കിലും ഒരു അംഗത്തിന് പണമടക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
സിവിൽ സ്റ്റേഷനിലെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി കേന്ദ്രത്തിലെ ഭിന്നശേഷിക്കാരടക്കമുള്ള വിദ്യാർഥികളും സമാന ദുരിതം അനുഭവിക്കുന്നുണ്ട്. ഈ ദുരിതത്തിനെതിരെ ചേർപ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.
സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ മുത്തുള്ളിയാൽ, സുജിത്ത് തേറമ്പത്ത്, ജെസ്ന ഷിഹാബ്, ഷിനോബാലൻ, സനേജ്, കെ.എസ്. വിമൽ, കെ.ആർ. സിദ്ധാർഥൻ, പ്രദീപ് വലിയങ്ങോട്ട്, ജിതിൻ ചാക്കോ, പി.വി. ജോൺസൺ, എം.എം. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.