ഊരകം കുമ്മാട്ടി നാലോണ നാളിൽ
text_fieldsചേർപ്പ്: ഊരകത്തെ കുമ്മാട്ടിയുടെ അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് ദേശക്കാർ. ഊരകം തെക്കുമുറി, യുവജന, കിസാൻ കോർണർ, അമ്പലനട, കിഴക്കുമുറി, ചിറ്റേങ്ങര കൊറ്റംകുളങ്ങര, തിരുവോണം വാരണകുളം എന്നീ കുമ്മാട്ടി സംഘങ്ങളാണ് നാലോണനാളായ സെപ്റ്റംബർ ഒന്നിന് ഊരകത്തെ ഗ്രാമവീഥികൾ കീഴടക്കുക.
കുമ്മാട്ടി വേഷമിടുന്നവർക്കായി ഓരോ ദേശക്കാരും കുമ്മാട്ടി നിർമാണ ശാലകളിൽ ഇപ്പോൾ കുമ്മാട്ടി പുല്ല് കെട്ടിയൊരുക്കുന്ന പണിയിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഊരകം കുമ്മാട്ടി മഹോത്സവത്തിന് മരത്തിൽ കൊത്തിയെടുത്ത കുമ്മാട്ടി മുഖങ്ങളാണ് ഉപയോഗിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ കുമ്മാട്ടി മുഖങ്ങൾ സ്വന്തമായി നിർമിക്കുന്നതും ഊരകം കുമ്മാട്ടിയുടെ സവിശേഷതയാണ്. ഈ വർഷത്തെ കുമ്മാട്ടിക്കായി കിസാൻ കോർണർ കലാസമിതി രണ്ടുലക്ഷം രൂപയോളം ചെലവഴിച്ച് ലോകത്തിലെത്തന്നെ ഏറ്റവും വലിയ കുമ്മാട്ടി മുഖം നിർമിച്ചിരിക്കുന്നു. കുമിഴ് മരത്തിന്റെ ഒറ്റത്തടിയിൽ തീർത്തിരിക്കുന്ന മുഖത്തിന് മൂന്ന് അടിക്ക് മുകളിൽ ഉയരവും 2.5 അടി വീതിയും ഏറെ സവിശേഷതയുള്ള നരകപാലകനായിരിക്കുന്ന കാലന്റെ മുഖവുമാണുള്ളത്.
ഓരോ കുമ്മാട്ടി കൂട്ടങ്ങളുടെ കൂടെ ശിവൻ, മഹാവിഷ്ണു, കാട്ടാളൻ, ദാരികൻ, വരാഹം, നരസിംഹം, ഗണപതി, രാവണൻ, മുരുകൻ തുടങ്ങിയ ദേവത രൂപങ്ങളും ഊരകം ദേശ കുമ്മാട്ടിയുടെ വൈവിധ്യങ്ങളാണ്. വിവിധ നിശ്ചലദൃശ്യങ്ങളും ഓരോ കുമ്മാട്ടി കൂട്ടത്തിന്റെയും കൂടെയുണ്ടാകും. പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരക്കുന്ന വാദ്യോപാസനയും കുമ്മാട്ടിക്ക് പൊലിമയേകും. ഉച്ചക്ക് രണ്ടോടെ അതതു ദേശത്തെ ദേവീദേവന്മാരെ വന്ദിച്ച് കുമ്മാട്ടിക്കളി ആരംഭിക്കും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഊരകത്തമ്മ തിരുവടി ക്ഷേത്രം വലംവെച്ച് മാമ്പിള്ളി ക്ഷേത്രത്തിലെത്തി രാത്രി 10ഓടെയാണ് കുമ്മാട്ടിക്കളി സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.