കഥകളിയിൽ വിസ്മയം തീർത്ത് 21കാരി; ചുട്ടി കുത്തിയതും സമപ്രായക്കാരി
text_fieldsചെറുതുരുത്തി: കഥകളിയിൽ 21കാരി വിസ്മയം തീർത്തപ്പോൾ ചുട്ടി കുത്തലിൽ മികവൊരുക്കി സമപ്രായക്കാരി. രണ്ടുപേരുടെയും അരങ്ങേറ്റം കഥകളിയെ പ്രണയിക്കുന്നവർക്ക് ദൃശ്യവിരുന്നായി. ചെറുതുരുത്തി കഥകളി സ്കൂളിലാണ് അത്യപൂർവമായ അരങ്ങേറ്റങ്ങൾ നടന്നത്. കലാമണ്ഡലം ഗോപാലകൃഷ്ണനാശാൻ അനുസ്മരണ സമ്മേളനത്തിന് ശേഷമായിരുന്നു അരങ്ങേറ്റം. കലാമണ്ഡലം ഉദയകുമാറിന്റെ ശിഷ്യയായ കുമാരി വൈഷ്ണവിയാണ് കഥകളി അരങ്ങേറ്റം നടത്തിയത്. ഷൊർണൂർ മേലേപാട്ട് വീട്ടിൽ സുധാകരന്റെയും ശ്രീദേവിയുടെയും മകളാണ് ഈ ഡിഗ്രി വിദ്യാർഥിനി.
കഥകളി പഠിക്കണമെന്നുള്ള ചെറുപ്രായത്തിലെ ആഗ്രഹമാണ് യാഥാർഥ്യമായത്. വിദ്യാർഥിനിക്ക് ചുട്ടി കുത്തിയത് മറ്റൊരു വിദ്യാർഥിനിയാണെന്നതും ചരിത്രമായി. കലാമണ്ഡലം രാജേഷിന്റെ കീഴിൽ പഠിക്കുന്ന പുണെ സ്വദേശിനി അദിതിക്കും ലഭിച്ചു കൈയടി. കമ്പളത്ത് വീട്ടിൽ ബിജു-സ്മിത ദമ്പതികളുടെ മകൾക്കും ഞായറാഴ്ച അരങ്ങേറ്റ ദിനമായിരുന്നു. കഥകളിയിൽ ആദ്യമായാണ് വിദ്യാർഥിനികളുടെ അരങ്ങേറ്റം ഒന്നിച്ചു നടക്കുന്നതെന്ന് കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.