ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു
text_fieldsചെറുതുരുത്തി: കൂട്ടുകാരുമൊത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഷൊർണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും ചെറുതുരുത്തി പൊലീസും നാട്ടുകാരും തിരച്ചിൽ ഊർജിതമാക്കി.
പൈങ്കുളം റോഡ് റെയിൽവേ ഗേറ്റിനു സമീപം പടിഞ്ഞാറെ തോപ്പിൽതൊടി വീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൻ ആര്യനെ (15) ആണ് ഭാരതപ്പുഴയിൽ കാണാതായത്.
ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഫുട്ബാൾ കളി കഴിഞ്ഞ് സഹോദരൻ ആദിത്യനുൾപ്പെടെ ആറു പേരടങ്ങുന്ന സംഘം ഭാരതപ്പുഴയിൽ കാരൂർ ക്ഷേത്രക്കടവിലെ കുളിക്കാൻ പോയത്.
കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുള്ള സഹോദരനും കൂട്ടുകാർക്കും നീന്തൽ വശമില്ലെങ്കിലും അവർ ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആര്യൻ മുങ്ങിത്താവുകയായിരുന്നു. കുട്ടികൾ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ ഇറങ്ങി നോക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
മലമ്പുഴ ഡാം തുറന്നുവിട്ടതും മഴയും കാരണം പുഴയിൽ ഒഴുക്ക് ശക്തമാണ്. ഇതേ തുടർന്ന് രാത്രി ഒമ്പതരയോടെ തിരച്ചിൽ നിർത്തി. മന്ത്രി കെ. രാധാകൃഷ്ണൻ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദർ, പ്രതിനിധികൾ എന്നിവർ സംഭവസ്ഥലത്തെത്തി. ശനിയാഴ്ച രാവിലെ ഏഴിന് ബോട്ടിൽ തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഫാഹിദ്, കെ.കെ. ഇബ്രാഹിം എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.