ഏഴുമാസം മുമ്പ് സൗദിയിൽ മരിച്ച സജീവന്റെ മൃതദേഹം വീട്ടിലെത്തിച്ചു
text_fieldsചെറുതുരുത്തി: ഏഴുമാസം മുമ്പ് സൗദിയിൽ മരിച്ച ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരി നീണ്ടൂർ വീട്ടിൽ സജീവന്റെ (61) മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിച്ചു. മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് പേരാണ് ഒരുനോക്ക് കാണാൻ എത്തിയത്. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം ആറു മാസമായിട്ടും നാട്ടിലെത്തിക്കാനാവാത്തത് സംബന്ധിച്ച വാർത്ത മേയ് 31ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെ സൗദി അധികൃതരുടെ നിർദേശത്തെ തുടർന്ന് കെ.എം.സി.സി സന്നദ്ധ പ്രവർത്തകനായ മുഹമ്മദ്, സജീവന്റെ വീട്ടിലേക്ക് വിളിച്ച് അടിയന്തിരമായി പവർ ഓഫ് അറ്റോണി അയച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു. സഹോദരൻ രാമചന്ദ്രനും സജീവന്റെ ഭാര്യ സജിതയും മക്കളും ചേർന്ന് ഇത് ജിദ്ദയിലേക്ക് അയച്ചുകൊടുത്തു. തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞത്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ജിദ്ദയിലുള്ള കെ.എം.സി.സി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സഹോദരൻ രാമചന്ദ്രനും ബന്ധുവായ സുകുമാരനും പറഞ്ഞു. 2022 ഡിസംബർ 22നാണ് ജിദ്ദയിൽ വാഹനാപകടത്തിൽ സജീവൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്. 32 വർഷമായി അവിടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും നിവേദനം നൽകിയിരുന്നു. തുടർന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വീട്ടിൽ പോയി വീട്ടുകാർ വിവരം അറിയിച്ചിരുന്നു. തങ്ങളുടെ നിർദേശത്തെ തുടർന്നാണ് കെ.എം.സി.സി ഇടപെട്ട് മൃതദേഹം നാട്ടിലെത്താൻ സഹായിച്ചതെന്ന് ദേശമംഗലത്ത് പ്രവർത്തിച്ചിരുന്ന അബ്ദുൽ ഹമീദും മറ്റു സഹപ്രവർത്തകരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.