ചരിത്രം തുടരാൻ ചെറുതുരുത്തി ജി.എൽ.പി സ്കൂൾ
text_fieldsചെറുതുരുത്തി: പത്ത് വർഷത്തോളമായി ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസിലേക്ക് വരവേൽക്കുന്ന ചരിത്രം ആവർത്തിക്കാനൊരുങ്ങി ചെറുതുരുത്തി ഗവ. ജി.എൽ.പി സ്കൂൾ.
170 വിദ്യാർഥികളാണ് ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്നത്. പഞ്ചായത്ത് തല ഉദ്ഘാടനവും ഇവിടെയാണ് നടക്കുന്നത്. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അലി അധ്യക്ഷത വഹിക്കും. കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥികൾ 152 പേരായിരുന്നു. ഈ വർഷം 18 പേർ കൂടുതൽ ചേർന്നിട്ടുണട്.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുന്നേറുകയാണ് ഈ പൊതുവിദ്യാലയം. വടക്കാഞ്ചേരി ഉപജില്ലയിലും പഴയന്നൂർ ബി.ആർ.സിക്കു കീഴിലും എൽ.എസ്.എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയം നേടിയത് ഇവിടെയാണ്. പരീക്ഷയെഴുതിയ 11 കുട്ടികൾക്ക് എൽ.എസ്.എസ് ലഭിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്റെ വികസന ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിന്റെയും എസ്.എസ്.കെയുടെയും നേതൃത്വത്തിലും മൂന്ന് കോടി രൂപയിലധികം രൂപ വിനിയോഗിച്ചാണ് സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്.
ഒരുകോടി 24 ലക്ഷം രൂപ ചെലവ് വരുന്ന വിശാലമായ ഹാളിന്റെയും അഞ്ച് ക്ലാസ് മുറികളോട് കൂടിയ കെട്ടിടത്തിന്റെയും പണി അവസാനഘട്ടത്തിലാണ്. പുതിയ ബിൽഡിങ്ങിന് വേണ്ടി എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് മുറികളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. എസ്.എസ്.കെ രണ്ട് ക്ലാസ് മുറികൾക്കായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പ്രീ പ്രൈമറി കുരുന്നുകൾക്കായി വർണ കൂടാരത്തിന്റെ നിർമാണവും നടന്നുകൊണ്ടിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആധുനിക ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗേറ്റ്, ഗ്രിൽ, കുഴൽ കിണർ എന്നിവ നിർമിക്കുകയും ഫർണിച്ചർ ഒരുക്കുകയും ചെയ്തു. ആയിരത്തിലധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. ഒന്നു മുതൽ നാലു വരെ എല്ലാ ക്ലാസുകളും അഞ്ച് ഡിവിഷനുകളായാണ് പ്രവർത്തിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.