അവശ വയോധികക്ക് താങ്ങായി ചെറുതുരുത്തി പൊലീസ്
text_fieldsചെറുതുരുത്തി: വിശപ്പും ദാഹവും സഹിക്കവയ്യാതെ ഏകദേശം അര കിലോമീറ്ററോളം ആ വയോധിക നടന്നും ഇരുന്നും എത്തിയത് പൊലീസിെൻറ മുന്നിൽ. പൈങ്കുളം അയ്യപ്പനെഴുത്തശ്ശൻ പടിക്ക് സമീപം താമസിക്കുന്ന തോരക്കാട്ടു പറമ്പിൽ പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാരുടെ ഭാര്യ മീനാക്ഷി (78) ആണ് ഞായറാഴ്ച രാവിലെ ചെറുതുരുത്തി പൊലീസിെൻറ മുന്നിലെത്തിയത്. ലോക മാതൃദിനത്തിൽ വിജനമായ വഴിയിലൂടെ വയോധിക തനിച്ച് വരുന്നത് കണ്ടപ്പോൾ പൊലീസുകാർ ആദ്യം ഒന്നമ്പരന്നു. മൂത്ര തടസ്സം മൂലം ഇവർ പ്ലാസ്റ്റിക് ട്യൂബ് അരയിൽ കെട്ടിയാണ് നടക്കുന്നത്. കുടിക്കാൻ വെള്ളം ഉണ്ടോ മക്കളേ എന്ന് ചോദിച്ചപ്പോൾ പൊലീസ് എടുത്തുകൊടുത്തു.
ഇവർ പറയുന്നത് ഇങ്ങനെ: രണ്ട് ദിവസമായി വീട്ടിലെ ഭക്ഷണവും വെള്ളവും കഴിഞ്ഞിട്ട്. സമീപ പ്രദേശത്തുള്ള സഹോദരിയാണ് ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്. എന്നാൽ, ആ ഭാഗങ്ങളിൽ കോവിഡ് മൂലം പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് ഭക്ഷണമൊന്നും എത്തിച്ചില്ല. വിജനമായ സ്ഥലത്ത് ഒറ്റക്ക് പട്ടപുരയിലാണ് ഇവർ താമസിക്കുന്നത്.
ചെറുതുരുത്തി പൊലീസിലെ സി.പി.ഒ കെ.കെ. അനിൽകുമാറും, ഹോംഗാഡ് കെ.കെ. പ്രമോദ് കുമാറുമായിരുന്നു അവിടെ ജോലിക്കുണ്ടായിരുന്നത്. ഇവർ അന്വേഷിച്ചപ്പോഴാണ് വയോധിക കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞത്. ഉടനെ സന്നദ്ധ പ്രവർത്തനം നടത്തുന്ന പി.എസ്. കൃഷ്ണകുമാർ, വി.ആർ. വിജയൻ, എസ്. അച്ചു എന്നിവരെ വിവരമറിയിച്ചു. തുടർന്ന് ഇവർക്കുള്ള ഭക്ഷണവും വെള്ളവും ഇവരെയും വീട്ടിൽ എത്തിച്ചുകൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ വാർഡ് മെംബർ സന്ദീപ് കോന്നനാത്തും നാട്ടുകാരും പൊലീസിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.