യൂസുട്ടിക്കാന്റെ വിയോഗം; തീരാനോവിൽ നാട്
text_fieldsചെറുതുരുത്തി: ഒരു ചാൺ വയറു നിറക്കാൻ 70ാം വയസ്സിലും സൈക്കിളിൽ മീൻ കച്ചവടം ചെയ്തു കുടുംബം നോക്കുന്ന യൂസുട്ടിക്ക എന്ന യൂസുഫിന്റെ വേർപാട് നാടിന്റെ തീരാദുഃഖമായി. നൂറുകണക്കിന് ആളുകളാണ് പള്ളം ചുട്ടപ്പറമ്പിൽ പുത്തൻപീടികയിൽ വീട്ടിൽ ഭൗതികശരീരം കാണാനെത്തിയത്.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും നാട്ടുകാരും എത്തിയിരുന്നു. വൈകീട്ട് നമ്പ്യാർ പള്ളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 50 വർഷത്തോളമായി നാട്ടുകാരുടെ യൂസുട്ടിക്ക സൈക്കിളിൽ മീൻ കച്ചവടം ചെയ്യാൻ തുടങ്ങിയിട്ട്. കച്ചവടത്തിൽ എന്നും സത്യസന്ധത പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ പക്കൽനിന്ന് മീന്‍ വാങ്ങാൻ ആളുകൾ കാത്തുനിൽക്കും.
പുലർച്ച മൂന്നിന് പള്ളത്തെ വീട്ടിൽനിന്ന് സൈക്കിൾ ചവിട്ടി വെട്ടിക്കാട്ടിരി മാർക്കറ്റിലെത്തി വണ്ടിയിൽ മീൻ കയറ്റി ചെറുതുരുത്തി എത്തുകയാണ് പതിവ്. തുടർന്ന് അഞ്ചുമണിയോടെ മീൻ കച്ചവടം ചെയ്ത് പള്ളത്ത് എത്തും. 70ാം വയസ്സിലും ദിവസേന 25 കി.മീ. സൈക്കിൾ ഇദ്ദേഹം ചവിട്ടും.
പതിവുപോലെ ബുധനാഴ്ച പുലർച്ചയും മീനുമായി ചെറുതുരുത്തിയിൽ എത്തിയപ്പോഴാണ് നിയന്ത്രണം തെറ്റി വന്ന മിനി ലോറി സൈക്കിളിന്റെ ഒപ്പം നിന്നിരുന്ന യൂസുഫിനെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ കാലിലൂടെയാണ് വണ്ടി കയറിയത്. ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഭാര്യയും മൂന്നു പെൺമക്കളും ഒരു ആൺകുട്ടിയുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.