ഓടുന്ന ട്രെയിനിന്റെ ബോഗി വേർപെട്ടത് അനാസ്ഥ മൂലമെന്ന് വിലയിരുത്തൽ
text_fieldsചെറുതുരുത്തി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനിൽനിന്ന് ബോഗി വേർപെട്ടത് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമെന്ന് വിലയിരുത്തൽ. അട്ടിമറിയല്ലെന്നും റെയിൽവേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
എ.സി അടക്കമുള്ള 22 കോച്ചുമായി പതിവ് പരിശോധനകളെല്ലാം കഴിഞ്ഞ ശേഷമാണ് വെള്ളിയാഴ്ച രാവിലെ 7.16ന് എറണാകുളം സൗത്തിൽനിന്ന് 18190 നമ്പർ എക്സ്പ്രസ് ട്രെയിൻ ടാറ്റാ നഗറിലേക്ക് പുറപ്പെട്ടത്. രണ്ടേകാൽ മണിക്കൂർ കഴിഞ്ഞ് 9.30നാണ് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപം ബോഗി വേർപെട്ടത്.
വള്ളത്തോൾ നഗർ സ്റ്റേഷൻ ഒന്നാംനമ്പർ ഫ്ലാറ്റ്ഫോമിൽ പണി നടക്കുന്നതിനാൽ ട്രെയിനുകൾ വേഗം കുറച്ചാണ് ഓടിക്കുന്നത്. ഇതാണ് അപകടം ഒഴിവാകാൻ സഹായിച്ചത്.
എൽ.എച്ച്.ബി കോച്ച് ആയതിനാൽ മറിയില്ലെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും വിവരമറിഞ്ഞവരെല്ലാം ഞെട്ടലിലാണ്. രണ്ട് കിലോമീറ്റർ അകലെയാണ് ഭാരതപ്പുഴ. പുഴയിൽ ധാരാളം വെള്ളവുമുണ്ട്. പാലത്തിനു മുകളിൽ വെച്ചാണ് ഈ സാഹചര്യം ഉണ്ടായതെങ്കിൽ എന്താകുമായിരുന്നുവെന്ന ചോദ്യം പലരും ഉയർത്തുന്നു. നാലുദിവസം മുമ്പാണ് വള്ളത്തോൾ നഗർ സ്റ്റേഷനടുത്ത് പാളത്തിൽ കല്ലുകൾ വെച്ച സംഭവമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.