കലാമണ്ഡലത്തിലെ 268 അപൂർവ താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റലാക്കുന്നു
text_fieldsചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ 268 അപൂർവ താളിയോല ഗ്രന്ഥങ്ങൾ സമ്പൂർണമായി ഡിജിറ്റൽ ആക്കുന്ന നടപടികൾ ആരംഭിച്ച സന്തോഷത്തിലാണ് വായനദിനത്തിൽ പുസ്തക പ്രേമികൾ. തിരുവനന്തപുരം സ്വദേശിയും കലാമണ്ഡലം കൂത്തമ്പലം ഉണ്ടാക്കാനുള്ള രൂപ രേഖകൾ തയ്യാറാക്കിയ വ്യക്തിയുമായ ഡി. അപ്പുക്കുട്ടൻ നായർ സംഭാവന ചെയ്ത താളിയോല ഗ്രന്ഥങ്ങളും മഹാകവി വള്ളത്തോൾ എഴുതിയ നിരവധി പുസ്തകങ്ങളുമാണ് ഡിജിറ്റലാക്കുന്നത്. കലാമണ്ഡലം ആരംഭിച്ച് വർഷങ്ങൾക്കുശേഷമാണ് ലൈബ്രറി പ്രവർത്തനം തുടങ്ങിയത്.
അക്കാദമിക് പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നൽകും വിധം വള്ളത്തോൾ നഗർ കാമ്പസിലും നിള കാമ്പസിലും ആയി 40,000 പുസ്തകങ്ങളുണ്ട്. കൂടാതെ നിരവധി ഗുരുക്കന്മാർ എഴുതിയ കഥകളിയുടെയും മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും വാദ്യങ്ങളുടേയും എല്ലാ ക്രിയകളും പഠിക്കാൻ പറ്റിയ ഗ്രന്ഥങ്ങളും കലാമണ്ഡലത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വായനക്കും റഫറൻസിനും സൗകര്യമുള്ള വലിയ കെട്ടിടമാണ് ലൈബ്രറിക്കായി നിർമിച്ചിരിക്കുന്നത്.
ദേശ, വിദേശങ്ങളിൽ നിന്നുള്ള കലാഗവേഷണ പണ്ഡിതരും ഉന്നതപഠന വിദ്യാർഥികളും ഇവിടെ നിത്യ സന്ദർശകരാണ്. ഇവിടെനിന്ന് നിരവധിപേർ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. ഇവിടെ എത്തുന്ന വിദേശികൾ ആദ്യം അന്വേഷിക്കുന്നത് താളിയോല ഗ്രന്ഥങ്ങൾ ആണെന്ന് ലൈേബ്രറിയൻ ഡോ. എ. ലേഖ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.