ദേശമംഗലത്ത് ബൈക്ക് യാത്രികനടക്കം അഞ്ചുപേർക്ക് കടന്നൽക്കുത്തേറ്റു
text_fieldsചെറുതുരുത്തി: ദേശമംഗലം ആറ്റുപുറത്ത് ബൈക്ക് യാത്രികനടക്കം അഞ്ചുപേർക്ക് കടന്നൽക്കുത്തേറ്റു. ഇവർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കടന്നൽക്കൂട് ഇളകി പ്രദേശവാസികൾക്ക് കൈയിലും തലയിലും കുത്തേറ്റത്. ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് വരുകയായിരുന്ന കരുമാംകുഴി പ്രിയക്ക് (41) നേരെയാണ് കൂടുതൽ ആക്രമണമുണ്ടായത്.
ഇവർ അര കിലോമീറ്ററോളം ഓടി പഞ്ചായത്ത് ഓഫിസിൽ കയറി രക്ഷപ്പെടുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രാഥമിക ചികിത്സക്കു ശേഷം ഇവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. വൈദ്യുതി ബിൽ അടക്കാനായി ദേശമംഗലത്തേക്ക് വരുകയായിരുന്ന ചങ്കരത്ത് വീട്ടിൽ വിജയലക്ഷ്മി (71), ആടിനെ മേക്കാൻ പാടത്തേക്ക് പോയ കോടിയിൽ ബാലന്റെ ഭാര്യ ശ്രീജ (49), ജോലി കഴിഞ്ഞ് ബൈക്കിൽ വരുകയായിരുന്ന വറവട്ടൂഞാലിൽ ശ്രീജിത്ത് എന്നിവർക്കും കടന്നൽക്കുത്തേറ്റു. കുറച്ചുദിവസങ്ങളായി പ്രദേശത്ത് നിരവധിപേർക്ക് കടന്നൽക്കുത്തേറ്റതായി പരാതിയുണ്ട്. അധികൃതരോട് വിവരം അറിയിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.