തീരാതെ കാത്തിരിപ്പിന്റെ മണിക്കൂറുകൾ; എന്ന് വരും മുള്ളൂർക്കരയിൽ മേൽപാലം?
text_fieldsചെറുതുരുത്തി: മുള്ളൂർക്കര റെയിൽവേ ഗേറ്റ് കേടുവന്നതിനെത്തുടർന്ന് 15 മണിക്കൂറിലേറെ ഗതാഗത തടസ്സമുണ്ടായി. മേൽപാലത്തിനുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് ഉത്തരമില്ലാതെയാകുമ്പോൾ ഇത് പതിവാകുകയാണ്.
ഞായറാഴ്ച രാത്രി ഒമ്പതിനാണ് വരവൂർ ഭാഗത്തുനിന്ന് മുള്ളൂർക്കരയിലേക്ക് മാങ്ങ കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മുള്ളൂർക്കര റെയിൽവേ ഗേറ്റിൽ ഇടിച്ചത്. ഗേറ്റ് തകർന്നു വീണ് തകരാറിലായി. സമീപത്ത് പുതിയതായി ഉണ്ടാക്കിയ എക്സ്ട്രാ ഗേറ്റും അടച്ചതോടെ കാൽനടയാത്രക്കാരുൾപ്പെടെ പ്രതിസന്ധിയിലായി.
റെയിൽവേ അധികൃതർ വാഹനങ്ങൾക്ക് പോകാനാകില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതറിയാതെയെത്തിയ വാഹനങ്ങൾ ഇവിടെയെത്തി തിരിച്ചു പോകുകയായിരുന്നു. വെട്ടിക്കാട്ടിരി വഴിയും അകമല വഴിയുമാണ് വാഹനങ്ങൾ പോയിരുന്നത്.
തിങ്കളാഴ്ച രാവിലെയും ഗേറ്റ് ശരിയാവാത്തതിനെ തുടർന്ന് സ്കൂൾ വിദ്യാർഥികളുൾപ്പെടെ യാത്രക്കാർ ദുരിതത്തിലായി. സ്കൂളിൽനിന്ന് അധ്യാപകർ എത്തിയാണ് വിദ്യാർഥികളെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാൻ സഹായിച്ചത്. അധികൃതർ തിങ്കളാഴ്ച രാവിലെ 10ന് എത്തിയാണ് പ്രവൃത്തികൾ തുടങ്ങിയത്. ഉച്ചക്ക് ഒന്നരക്കാണ് വാഹനങ്ങൾക്ക് പോകാൻ ഗേറ്റ് തുറന്നു കൊടുത്തത്. അടിയന്തരമായി മേൽപാലത്തിന്റെ പണികൾ ആരംഭിക്കണമെന്ന് മുള്ളൂർക്കര പൗരസമിതി സെക്രട്ടറി നൗഫൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.